കോലിയെ പോലൊരു താരത്തിന് അനായാസം ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് ജയവര്‍ധനെ

ദില്ലി: ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ഏറ്റവുമധികം ആശങ്ക മുന്‍ നായകന്‍ വിരാട് കോലിയുടെ ഫോമിലാണ്. എന്നാൽ കോലിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് ശ്രീലങ്കൻ മുൻ താരം മഹേല ജയവർധനെയും ഇന്ത്യൻ താരം ശിഖർ ധവാനും. കോലിയെ പോലൊരു താരത്തിന് അനായാസം ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് ജയവര്‍ധനെ വാദിക്കുന്നു. 

രണ്ട് വ‌ർഷത്തിലധികമായി അന്താരാഷ്‍ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലുമില്ലാതെ പ്രതിസന്ധിയിലാണ് വിരാട് കോലി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി 20യിലുമെല്ലാം മോശം ഫോമിലുള്ള കോലി വിൻഡീസിനും സിംബാബ്‍വെക്കുമെതിരായ പരമ്പരകളിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് ഏഷ്യ കപ്പിൽ മടങ്ങിവരാനൊരുങ്ങുന്നത്. ട്വന്‍റി 20 ലോകകപ്പ് പടിവാതിലിൽ നിൽക്കെ കോലിയുടെ ടീമിലെ സ്ഥാനം പലരും ചോദ്യം ചെയ്യുമ്പോഴാണ് താരത്തിന് പിന്തുണയുമായി മഹേല ജയവർധനെ രംഗത്ത് വരുന്നത്.

ഫോം താൽക്കാലികമാണെന്നും ക്ലാസ് സ്ഥിരമെന്നുമാണ് ജയവർധനെ പറയുന്നത്. കോലിയെപ്പോലെ മികവുള്ള ഒരു താരത്തിന് മികച്ച പ്രകടനത്തിലേക്ക് തിരികെയെത്തുക പ്രയാസമല്ലെന്നും ജയവർധനെ പറഞ്ഞു. സഹതാരം ശിഖർ ധവാനും വിരാട് കോലിക്ക് പിന്തുണയുമായെത്തി. ഒരു മികച്ച ഇന്നിംഗ്‌സ് മാത്രം മതി പഴയ ഫോമിലേക്ക് കോലി തിരികെയെത്താനെന്ന് ശിഖർ ധവാൻ പറയുന്നു. ഫോമിലേക്ക് തിരികെയെത്തിയാൽ കോലിയെ തടയാനാകില്ലെന്നും ശിഖർ ധവാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. നേരത്തെ ഓസ്ട്രേലിയൻ മുൻനായകന്‍ റിക്കി പോണ്ടിംഗും കോലിക്ക് പിന്തുണയുമായെത്തിയിരുന്നു.

യുഎഇയില്‍ ഈമാസം 28ന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. വിരാട് കോലിക്കൊപ്പം കെ എല്‍ രാഹുലും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരെ സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയപ്പോള്‍ പരിക്കിനെ തുടര്‍ന്ന് ജസ്‌പ്രീത് ബുമ്രക്ക് പുറമെ പേസര്‍ ഹര്‍ഷല്‍ പട്ടേലിനേയും സ്ക്വാഡിലേക്ക് പരിഗണിച്ചില്ല. 

ഏഷ്യാ കപ്പില്‍ ജസ്‌പ്രീത് ബുമ്രയെ ഇന്ത്യന്‍ ടീം മിസ് ചെയ്യും; കാരണങ്ങള്‍ നിരത്തി സല്‍മാന്‍ ബട്ട്