ദില്ലി: അടുത്ത ഏപ്രില്‍ വരെ പേസര്‍ ദീപക് ചാഹറിന് കളിക്കാനാവില്ലെന്ന് ഇന്ത്യന്‍ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ്. മാര്‍ച്ച്-ഏപ്രില്‍ വരെ കളിക്കാനാകുമോയെന്ന് സംശയമാണ്. എന്നാല്‍ എല്ലാ ഫോര്‍മാറ്റുകളിലും ഉചിതമായ പകരക്കാര്‍ തയ്യാറാണ്. അതിനാല്‍ ആറേഴ് വര്‍ഷത്തേക്ക് ഭയപ്പെടേണ്ടെന്നും പ്രസാദ് പറഞ്ഞു. 

വിശാഖപട്ടണത്ത് വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ദീപക് ചാഹറിന് പരിക്കേറ്റത്. രണ്ട് മത്സരങ്ങളില്‍ രണ്ട് വിക്കറ്റാണ് ചാഹര്‍ നേടിയത്. ചാഹറിന് പകരക്കാരനായി നവദീപ് സെയ്‌നിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അന്താരാഷ്‌ട്ര ടി20യില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ചാഹര്‍. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ പരിക്ക് ചാഹറിന് തിരിച്ചടിയാവും.

വിലക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുന്ന യുവതാരം പൃഥ്വി ഷായ്‌ക്ക് ആശ്വാസകരമായ വാക്കുകളല്ല പ്രസാദിന്‍റെത്. മടങ്ങിവരവിന് താരം ഇനിയും കാത്തിരിക്കണമെന്ന് മുഖ്യ സെലക്ടര്‍ വ്യക്തമാക്കി. ഷാ ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയിട്ടേയുള്ളൂ. വലംകൈയന്‍ ബാറ്റ്സ്‌മാന്‍ ഇനിയും മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. അയാളുടെ പ്രകടനം കാത്തിരുന്നുകാണാം. ഇന്ത്യ എയുടെ അനേകം മത്സരങ്ങള്‍ വരാനിരിക്കുന്നതായും എം എസ് കെ പ്രസാദ് വ്യക്തമാക്കി. 

വിലക്കിന് ശേഷം തിരിച്ചെത്തി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് പൃഥ്വി ഷാ. മുഷ്‌താഖ് അലി ടി20യില്‍ അര്‍ധ സെഞ്ചുറിയോടെ തിരിച്ചെത്തിയ മുംബൈ താരം ബഡോറക്കെതിരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയിരുന്നു. മുഷ്‌താഖ് അലി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറി നേടി.ഷാ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കുചേര്‍ന്നിരുന്നു.