ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഓൾറൗണ്ടർ ദീപ്തി ശർമ്മ ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചു. മോശം ഫോമിൽ നിന്ന് ശക്തമായി തിരിച്ചുവന്ന താരം, ഈ പ്രകടനത്തോടെ വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറെന്ന ലോക റെക്കോർഡും സ്വന്തമാക്കി.

ബര്‍മിംഗ്ഹാം: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വന്‍ വിജയം സമ്മാനിച്ചതിന് പിന്നാലെ തന്റെ സന്തോഷം പങ്കുവെച്ച് ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ്മ. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മോശം ഫോമിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ട താരം, പാകിസ്താനെതിരെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് (5/10) പുറത്തെടുത്തത്. മത്സരത്തിലെ അവിശ്വസനീയ പ്രകടനത്തിന് ശേഷം വലിയ ഭക്തിയോടെയും ആത്മവിശ്വാസത്തോടെയുമാണ് ദീപ്തി പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദീപ്തിയുടെ വാക്കുകള്‍... ''ഞാന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു, ഹനുമാന്‍ജി വലിയവനാണ്. എനിക്ക് ഐസിസി ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ വലിയ ഇഷ്ടമാണ്. കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് (ഏകദിന ലോകകപ്പ് ഫൈനല്‍) ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെനിന്നു തന്നെയാണ് ഈ ലോകകപ്പും ഞാന്‍ തുടങ്ങിയിരിക്കുന്നത്.'' ദീപ്തി പറഞ്ഞു. ഈ ലോകകപ്പിന് മുന്‍പ് കളിച്ച 12 മത്സരങ്ങളില്‍ നിന്ന് വെറും 14 വിക്കറ്റുകള്‍ മാത്രമായി ദീപ്തിയുടെ ഫോം കടുത്ത ചോദ്യശരങ്ങള്‍ നേരിടുകയായിരുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളില്‍ റണ്‍സ് കണ്ടെത്താനോ വിക്കറ്റ് വീഴ്ത്താനോ താരത്തിന് കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഈ കളിയിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ വനിതാ ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളര്‍ (166 വിക്കറ്റുകള്‍) എന്ന ലോകറെക്കോര്‍ഡും ദീപ്തി സ്വന്തമാക്കി. തായ്ലന്‍ഡിന്റെ തിപാച്ച പുത്താവോങ്ങിന്റെ (165 വിക്കറ്റുകള്‍) റെക്കോര്‍ഡാണ് ദീപ്തി തകര്‍ത്തത്. കൂടാതെ ജുലന്‍ ഗോസ്വാമിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയും ദീപ്തിക്ക് സ്വന്തമായി.

തന്റെ മോശം ഫോമിനെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ... ''സത്യം പറഞ്ഞാല്‍ വിക്കറ്റുകള്‍ കിട്ടാതിരുന്നപ്പോള്‍ ഞാന്‍ ഒട്ടും ആശങ്കപ്പെട്ടിരുന്നില്ല. ശരിയായ സമയം വരുമ്പോള്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് കഴിയുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ഞാന്‍ എപ്പോഴും അങ്ങനെയാണ് ചിന്തിക്കാറുള്ളതും പന്തെറിയാറുള്ളതും.'' ദീപ്തി പറഞ്ഞു. പവര്‍പ്ലേയില്‍ തന്നെ പന്തെറിയാനെത്തിയ ദീപ്തി പാകിസ്ഥാന്റെ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ത്തു. ഗുല്‍ ഫെറോസ, ആയിഷ സഫര്‍ എന്നിവരെ പുറത്താക്കി ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി.

തകര്‍പ്പന്‍ റണ്‍ഔട്ട്: കളിയില്‍ രണ്ട് തവണ ജീവന്‍ ലഭിച്ച് അപകടകാരിയായി മാറിയ പാക് ഓപ്പണര്‍ മുനീബ അലിയെ (41 റണ്‍സ്) ബാക്ക്വേഡ് പോയിന്റില്‍ നിന്നും ഓടിയെത്തി നേരിട്ടുള്ള ത്രോയിലൂടെ റണ്‍ഔട്ടാക്കിയത് ദീപ്തിയായിരുന്നു. ഈ വിക്കറ്റാണ് കളിയുടെ ഗതി മാറ്റിയത്. പാകിസ്ഥാന്‍ ഇന്നിംഗ്‌സിന്റെ 17-ാം ഓവറില്‍ വെറും 5 പന്തുകള്‍ക്കിടയില്‍ അവസാനത്തെ 3 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ദീപ്തി പാകിസ്താനെ 106 റണ്‍സില്‍ ഒതുക്കിയത്. 4 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ എന്ന കരിയറിലെ മികച്ച സ്‌പെല്ലാണ് താരം പൂര്‍ത്തിയാക്കിയത്.

YouTube video player