Asianet News MalayalamAsianet News Malayalam

ഡല്‍ഹി കാപിറ്റല്‍സിന്റെ ക്യാപ്റ്റനാവാന്‍ ഡേവിഡ് വാര്‍ണര്‍? പോണ്ടിംഗിന്റേയും ഗാംഗുലിയുടേയും തീരുമാനം നിര്‍ണായകം

ഇത്തവണ മാര്‍ച്ചിലാണ് ഐപിഎല്‍ ആരംഭിക്കുന്നത്. രണ്ട് മാസം മത്രമാണ് ശേഷിക്കുന്നത്. പന്തിന് കളിക്കാനാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വച്ചൊരു പദ്ധതി ഡല്‍ഹിക്ക് സാധ്യമല്ല.

Delhi Capitals approach David Warner for captaincy in IPL
Author
First Published Jan 6, 2023, 10:22 PM IST

ദില്ലി: ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേറ്റതോടെ പുതിയ നായകനെ തേടി ഡല്‍ഹി ക്യാപിറ്റല്‍സ്. പന്തിന് ആറുമാസമെങ്കിലും വിശ്രമം വേണ്ടതിനാല്‍ ഐപിഎല്ലില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായി. ഇതോടെയാണ് ഡല്‍ഹി പുതിയ നായകനെ തേടുന്നത്. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെ പുതിയനായകനാക്കുമെന്നാണ് റിപ്പോര്‍ട്ട്. സണ്‍റൈസേഴ്‌സിന്റെ നായകനായിരുന്നു വാര്‍ണര്‍. മുഖ്യപരിശീലകന്‍ റിക്കി പോണ്ടിംഗും ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഡല്‍ഹി പുതിയ നായകനെ പ്രഖ്യാപിക്കുക.

ഇത്തവണ മാര്‍ച്ചിലാണ് ഐപിഎല്‍ ആരംഭിക്കുന്നത്. രണ്ട് മാസം മത്രമാണ് ശേഷിക്കുന്നത്. പന്തിന് കളിക്കാനാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ വച്ചൊരു പദ്ധതി ഡല്‍ഹിക്ക് സാധ്യമല്ല. ടീമിലെ പരിചയസമ്പന്നന്‍ വാര്‍ണറാണ്. ഐപിഎല്‍ ടീമുകളെ നയിച്ചുള്ള പരിചയം വാര്‍ണര്‍ക്കുണ്ട്. നേരത്തെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്നു വാര്‍ണര്‍. ക്യാപ്റ്റനെ മാത്രമല്ല, വിക്കറ്റ് കീപ്പറേയും ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിവരും.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന സര്‍ഫറാസ് ഖാനെ കീപ്പറാക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഡല്‍ഹി കാപിറ്റല്‍സ് ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

റിഷഭ് പന്തിന് ലോകകപ്പ് നഷ്ടമാകാന്‍ സാധ്യത

റിഷഭ് പന്ത് കളിക്കളത്തില്‍ തിരിച്ചെത്താന്‍ കുറഞ്ഞത് എട്ടോ ഒമ്പതോ മാസങ്ങളെടുക്കുമെന്ന് സൂചന. അപകടത്തില്‍ പന്തിന്റെ കാല്‍മുട്ടിലെ ലിഗ്മെന്റിന് സംഭവിച്ച പരിക്കിന് ശസ്ത്രക്രിയ ആവശ്യമാണെങ്കിലും ശരീരത്തിലെ നീര്‍ക്കെട്ട് പൂര്‍ണമായും മാറാതെ ഇപ്പോള്‍ എംആര്‍എ സ്‌കാനിംഗിനോ ശസ്ത്രക്രിയക്കോ വിധേയനാക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ലിഗ്മെന്റിലെ പരിക്കിന്റെ ഗൗരവം എത്രമാത്രമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്‌കാനിംഗില്‍ മാത്രമെ ഇക്കാര്യം  വ്യക്തമാവു. 

ഇതിനുശേഷമെ ശസ്ത്രക്രിയക്ക് വിധേനയാക്കാനാകുവെന്നും ബിസിസിഐ മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്തായാലും പരിക്ക് മാറി പന്ത് കായികക്ഷമത വീണ്ടെടുത്ത് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കുറഞ്ഞത് എട്ടോ എമ്പതോ മാസമെങ്കിലും എടുക്കുമെന്നാണ് ആശുപത്രിവൃത്തങ്ങളും ബിസിസിഐ മെഡിക്കല്‍ സംഘവും നല്‍കുന്ന സൂചന. ഈ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും, ഐപിഎല്ലും ഏഷ്യാ കപ്പും, ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പും പന്തിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്.

അവസാന ഏകദിനത്തിനായി ഇന്ത്യയും ശ്രീലങ്കയും 13ന് തിരുവനന്തപുരത്ത്; ടിക്കറ്റ് വില്‍പന നാളെ മുതല്‍

Follow Us:
Download App:
  • android
  • ios