ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് (53), ജമീമ റോഡ്രിഗസ് (69) മികച്ച പ്രകടനം പുറത്തെടുത്തു.

ദില്ലി: വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 29 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് (53), ജമീമ റോഡ്രിഗസ് (69) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടാന്‍ സാധിച്ചത്. 42 റണ്‍സ് നേടിയ അമന്‍ജോത് കൗറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. മലയാളി താരം സജന സജീവന്‍ 14 പന്തില്‍ 24 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ ജെസ് ജോനസെന്‍ ഡല്‍ഹി നിരയില്‍ തിളങ്ങി.

രണ്ട് മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന മത്സരമായിരുന്നു ഇത്. മുംബൈക്കായി സജനയും ഡല്‍ഹിക്കായി മിന്നു മണിയും. എന്നാല്‍ മിന്നുവിന് പ്ലയിംഗ് ഇലവനില്‍ ഇടം നേടാനായില്ല. 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയെ മുംബൈക്ക് മോശം തുടക്കമായിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയാവും മുമ്പ് അവര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. യസ്തിക ഭാട്ടിയ (6), നതാലി സ്‌കിവര്‍ (5), ഹര്‍മന്‍പ്രീത് കൗര്‍ (6), ഹെയ്‌ലി മാത്യൂസ് (29) എന്നിവരാണ് മടങ്ങിയത്. ഇതോടെ മുംബൈ നാലിന് 54 എന്ന നിലയിലായി. പിന്നാലെ ക്രീസിലൊന്നിച്ച അമേലിയ കേര്‍ (17) - പൂജ വസ്ത്രകര്‍ (17) സഖ്യം മുംബൈയെ കരകയറ്റുമെന്ന തോന്നലുണ്ടാക്കി. എന്നാല്‍, അമേലിയയെ പുറത്താക്കി തിദാസ് സദു ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ പൂജയും മടങ്ങി. അമന്‍ജോത് കൗര്‍ (42), സജന (14 പന്തില്‍ പുറത്താവാതെ 24) ആഞ്ഞ് ശ്രമിച്ചെങ്കിലും ജയിപ്പിക്കാനായില്ല. ഹുമൈറ കാസി (6) പുറത്താവാതെ നിന്നു.

നേരത്തെ മോശമല്ലാത്ത തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ലാന്നിംഗ് - ഷെഫാലി വെര്‍മ (28) സഖ്യം 48 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അഞ്ചാം ഓവറില്‍ ഷെഫാലി മടങ്ങി. തുടര്‍ന്നെത്തിയ അലീസ കാപ്‌സിയും (19) നിരാശപ്പെടുത്തി. എന്നാല്‍ നാലാം വിക്കറ്റില്‍ ലാന്നിംഗ് - ജമീമ സഖ്യം 35 റണ്‍സ് ചേര്‍ത്തു. ലാന്നിംഗ് പിന്നാലെ മടങ്ങി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ലാന്നിംഗിന്‍റെ ഇന്നിംഗ്‌സ്.

കോലി എന്തായാലും വീഴും! ഗവാസ്‌കറെ പിന്തള്ളുമോ എന്ന് കണ്ടറിയാം; അവിശ്വസനീയ റെക്കോര്‍ഡിനരികെ ജയ്‌സ്വാള്‍

മരിസാനെ കാപ്പിന് (11) തിളങ്ങാനായില്ല. ജോനസെന്‍ (4) ജമീമയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജമീമയുടെ ഇന്നിംഗ്‌സ്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുണ്ട് ഡല്‍ഹിക്ക്. ഒരു മത്സരം മാത്രമാണ് തോറ്റത്. മുംബൈ ആറ് പോയിന്റുമായി മൂന്നാമത്. ആര്‍സിബി രണ്ടാം സ്ഥാനത്തുണ്ട്.