1948-49ല്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ എവര്‍ട്ടണ്‍ വീക്‌സ് നേടിയ 779 റണ്‍സാണ് നിലവിലെ റെക്കോര്‍ഡ്.

ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലാണ് ഓപ്പണര്‍ യശസ്വീ ജയ്‌സ്വാള്‍. ധരംശാല ടെസ്റ്റില്‍ ജയ്‌സ്വാളിനെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍. സ്വപ്നതുല്യ ഫോമിലാണ് യശസ്വീ ജയ്‌സ്വാള്‍. നാല് ടെസ്റ്റിലെ എട്ട് ഇന്നിംഗ്‌സില്‍ രണ്ട് ഇരട്ട സെഞ്ച്വറിയുള്‍പ്പടെ നേടിയത് 665 റണ്‍സ്. ധരംശാലയില്‍ 125 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യ കളിക്കുന്ന ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ജയ്‌സ്വാളിന് സ്വന്തമാക്കാം. 

1948-49ല്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ എവര്‍ട്ടണ്‍ വീക്‌സ് നേടിയ 779 റണ്‍സാണ് നിലവിലെ റെക്കോര്‍ഡ്. ഇതിനൊപ്പം ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന സുനില്‍ ഗാവസ്‌കറുടെ 774 റണ്‍സിന്റെ റെക്കോര്‍ഡും യുവ ഓപ്പണര്‍ക്ക് മറികടക്കാം. 1971ല്‍ വിന്‍ഡീസിനെതിരായ അരങ്ങേറ്റ പരമ്പരയില്‍ ആയിരുന്നു ഗാവസ്‌കറുടെ ഐതിഹാസിക ബാറ്റിംഗ്. ജയ്‌സ്വാള്‍ 98 റണ്‍സെടുത്താല്‍ ഇന്ത്യ, ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഗ്രഹാം ഗൂച്ചിന്റെ 752 റണ്‍സിന്റെ റെക്കോര്‍ഡും പഴങ്കഥയാവും. 

ഒറ്റ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമാണിപ്പോള്‍ ജയ്‌സ്വാള്‍, 23 സിക്‌സര്‍. ആകെ എട്ട് ടെസ്റ്റില്‍ 26 സിക്‌സര്‍ ജയ്‌സ്വാളിന്റെ പേരിനൊപ്പമുണ്ട്. ഒറ്റ സിക്‌സര്‍കൂടി നേടിയാല്‍ വിരാട് കോലി, സുനില്‍ ഗാവസ്‌കര്‍ എന്നിവരെ മറികടക്കും. കോലി 113 ടെസ്റ്റിലും ഗാവസ്‌കര്‍ 125 ടെസ്റ്റിലുമാണ് 26 സിക്‌സര്‍ നേടിയത്.

അശ്വിന്‍ നടന്നടുക്കുന്നത് എലൈറ്റ് പട്ടികയിലേക്ക്! ഇനി സച്ചിനും ദ്രാവിഡിനും കോലിക്കുമൊപ്പം ഇന്ത്യന്‍ സ്പിന്നര്‍

വ്യാഴാഴ്ച്ചയാണ് ഇന്ത്യ - ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്. നാലാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന് ജസ്പ്രിത് ബുമ്ര അവസാന ടെസ്റ്റില്‍ തിരിച്ചെത്തും. ടി20 ലോകകപ്പ് മുന്‍നിര്‍ത്തി താരങ്ങളുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുമ്രയ്ക്ക് റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു താരം. 13.64 ശരാശരിയില്‍ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്. അദ്ദേഹത്തിന് പകരം ബംഗാള്‍ സീമര്‍ ആകാശ് ദീപ് റാഞ്ചി ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവനില്‍ ഇടംപിടിച്ചിരുന്നു.