വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് മിന്നു. വയനാട്ടില്‍ നിന്നുള്ള ഒരു ചിത്രമാണ് ഡല്‍ഹി കാപിറ്റല്‍സ് പങ്കുവച്ചിരുന്നു. മിന്നുവിന്റെ നാട്ടിലുള്ള ഒരു ജംഗ്ഷന് 'മിന്നുമണി ജംഗ്ഷന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

വയനാട്: അടുത്തിടെ ഇന്ത്യയുടെ ടി20 ടീമില്‍ അരങ്ങേറിയ മലയാളി താരമാണ് മിന്നുമണി. ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും മിന്നുവിനായി. മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്താനും മിന്നുവിന് സാധിച്ചു. പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ മിന്നുവിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വനിതാ ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമാണ് മിന്നു. വയനാട്ടില്‍ നിന്നുള്ള ഒരു ചിത്രമാണ് ഡല്‍ഹി കാപിറ്റല്‍സ് പങ്കുവച്ചിരുന്നു. മിന്നുവിന്റെ നാട്ടിലുള്ള ഒരു ജംഗ്ഷന് 'മിന്നുമണി ജംഗ്ഷന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മാനന്തവാടി നഗരസഭയാണ് ബോര്‍ഡ് വച്ചിരിക്കുന്നത്. മിന്നുവും ബോര്‍ഡിന് താഴെയുണ്ട്.

ഡല്‍ഹി കാപിറ്റല്‍സ് പങ്കുവച്ച ചിത്രത്തിന്റെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു... ''കേരളത്തിലെ വയനാട്ടില്‍ നിന്നുള്ളതാണ് ഈ ചിത്രം. നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. ഇന്ത്യന്‍ ടി20 ടീമിലെ അരങ്ങേറ്റത്തിന് പിന്നാലെ മിന്നുമണിക്ക് സ്‌പെഷ്യല്‍ സമ്മാനവുമായി നാട് സര്‍പ്രൈസ് ഒരുക്കിയിരിക്കുന്നത്.'' ഫ്രാഞ്ചൈസി കുറിച്ചിട്ടു.

പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ 7 എണ്ണവുമായി ബംഗ്ലാദേശിന്റെ സുല്‍ത്താന ഖാത്തൂന്‍ മാത്രമേ മിന്നുവിന് മുന്നിലുള്ളൂ. ഇന്ത്യന്‍ താരങ്ങളില്‍ മിന്നു മണിയാണ് മുന്നില്‍. ആദ്യ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും ടി20കളില്‍ രണ്ട് വീതവും വിക്കറ്റാണ് മിന്നു സ്വന്തമാക്കിയത്. പരമ്പരയില്‍ 11 ഓവറുകളില്‍ 58 റണ്‍സ് വിട്ടുകൊടുത്താണ് മിന്നു അഞ്ച് ബംഗ്ലാ താരങ്ങളെ പുറത്താക്കിയത്. 

ബംഗ്ലാദേശിന് എതിരായ ആദ്യ ട്വന്റി 20യില്‍ തന്റെ നാലാം പന്തില്‍ വിക്കറ്റ് നേടി വരവറിയിച്ച മിന്നു പിന്നീടുള്ള രണ്ട് മത്സരങ്ങളിലും രണ്ട് വീതം വിക്കറ്റ് നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആകെ അഞ്ച് വിക്കറ്റുമായി തിളങ്ങുകയായിരുന്നു. ടി20 പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയായിട്ടും മിന്നുവിന് ബംഗ്ലാദേശില്‍ നിന്ന് ചെറിയൊരു സങ്കടത്തോടെ മടങ്ങേണ്ടിവന്നു. ഐസിസി ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ബംഗ്ലാ വനിതകള്‍ക്കെതിരെ നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ മിന്നുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.