ഓപ്പണര്‍ അഭിഷേക് പോറല്‍ 31 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ 18 പന്തില്‍ 34 റണ്‍സുമായും അശുതോഷ് ശര്‍മ 5 പന്തില്‍ 18 റണ്‍സുമായും പുറത്താകാതെ നിന്നു.
ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 5 വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫിലെത്താനുള്ള നേരിയ പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം നാലു പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി ഡല്‍ഹി മറികടന്നു. 42 പന്തില്‍ 56 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.

ഓപ്പണര്‍ അഭിഷേക് പോറല്‍ 31 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ അക്സര്‍ പട്ടേല്‍ 18 പന്തില്‍ 34 റണ്‍സുമായും അശുതോഷ് ശര്‍മ 5 പന്തില്‍ 18 റണ്‍സുമായും പുറത്താകാതെ നിന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന 12 പോയിന്‍റുമായി കൊല്‍ക്കത്തയെ മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കയറിയ ഡല്‍ഹി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തിയപ്പോള്‍ ജയിച്ചിരുന്നെങ്കില്‍ മുന്നേറാമായിരുന്ന രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 193-8, ഡല്‍ഹി ക്യാപിറ്റല്‍സ് 19.2 ഓവറില്‍ 197-5.
194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡല്‍ഹിക്കായി അഭിഷേക് പോറലും കെ എല്‍ രാഹുലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ ഇരുവരും തകര്‍ത്തടിച്ചതോടെ ഡല്‍ഹി ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സിലെത്തി. 29 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ അഭിഷേക് പോറലിന്‍റെ മികവില്‍ പത്താം ഓവറില്‍ ഡല്‍ഹി 100 കടന്നു. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് പിന്നാലെ പത്താം ഓവറില്‍ ബ്രിജേഷ് ശര്‍മ പോറലിനെ(31 പന്തില്‍ 51) വീഴ്ത്തിയതോടെ ഡല്‍ഹിയുടെ സ്കോറിംഗ് നിരക്ക് കുത്തനെ ഇടിഞ്ഞു. പന്ത്രണ്ടാം ഓവറില്‍ 35 പന്തില്‍ രാഹുല്‍ അര്‍ധസെഞ്ചുറിയിലെത്തി. പതിമൂന്നാം ഓവറില്‍ സാഹില്‍ പരാഖിനെ(8 പന്തില്‍ 9) ജോഫ്ര ആര്‍ച്ചര്‍ മടക്കി. ഇതോടെ മൂന്നോവറുകളില്‍ ഡല്‍ഹിക്ക് ബൗണ്ടറികളൊന്നും നേടാനായില്ല. പതിനഞ്ചാം ഓവറില്‍ ദാസുന്‍ ഷനക കെ എല്‍ രാഹുലിനെ(42 പന്തില്‍ 56) മടക്കിയതോടെ രാജസ്ഥാന്‍ ഇന്നിംഗ്സിന് സമാനമായി ഡല്‍ക്കും അവസാനം അടിതെറ്റി.
അവസാന നാലോവറില്‍ 43 റണ്‍സായിരുന്നു ഡല്‍ഹിയുടെ ലക്ഷ്യം. പതിനേഴാം ഓവറില്‍ ആര്‍ച്ചറുടെ പന്തില്‍ ട്രിസ്റ്റൻ സ്റ്റബ്സിനെ(6 പന്തില്‍ 4) യശസ്വി ജയ്സ്വാൾ ഓടിപ്പിടിച്ചതോടെ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ മുഴുവന്‍ അക്സര്‍ പട്ടേലിലും ഡേവിഡ് മില്ലറിലുമായി. അവസാന മൂന്നോവറില്‍ 35 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഡൊണോവന്‍ ഫെരേര എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സ് അടക്കം 16 റണ്‍സടിച്ച അക്സറും മില്ലറും ചേര്‍ന്ന് അവസാന രണ്ടോവറിലെ ലക്ഷ്യം 19 റണ്‍സാക്കി കുറച്ചു.
എന്നാല്‍ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് മില്ലറെ പുറത്താക്കി ബ്രിജേഷ് ശര്‍മ ഡല്‍ഹിയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ അശുതോഷ് ശര്‍മ അഞ്ചാം പന്ത് സിക്സിന് തൂക്കിയതോടെ അവസാന ഓവറിലെ ഡല്‍ഹിയുടെ ലക്ഷ്യം ഏഴായി കുറഞ്ഞു. ആദം മില്‍നെ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയും അടുത്ത പന്ത് സിക്സിനും പറത്തി അശുതോഷ് ഡല്‍ഹിയെ ലക്ഷ്യത്തിലെത്തിച്ചു. രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചറും ബ്രിജേഷ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ തകര്‍ത്തടിച്ച് കൂറ്റൻ സ്കോറിലേക്ക് നീങ്ങിയപ്പോള്‍ പതിനഞ്ചാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ട്രിപ്പിൾ സ്ട്രൈക്കിലൂടെയാണ് ഡല്‍ഹി മത്സരത്തില്‍ തിരിച്ചെത്തിയത്. 14 ഓവറില്‍ 160-2 എന്ന മികച്ച നിലയിലായിരുന്ന രാജസ്ഥാന്‍ 220ന് മുകളിലുള്ള സ്കോര്‍ ലക്ഷ്യമിട്ടെങ്കിലും പതിനഞ്ചാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെരേര, രവി സിംഗ് എന്നിവരെ പുറത്താക്കിയതോടെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.
40 പന്തില്‍ 53 റണ്‍സെടുത്ത ധ്രുവ് ജുറെലാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ റിയാന്‍ പരാഗ് 26 പന്തില്‍ 51 റണ്‍സെടുത്തപ്പോള്‍ യുവതാരം വൈഭവ് സൂര്യവംശി 21 പന്തില്‍ 46 റണ്‍സെടുത്ത് രാജസ്ഥാന് തകര്‍പ്പന്‍ തുടക്കമിട്ടു. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 40 റണ്‍സിന് 4 വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരിയും ലുങ്കി എന്‍ഗിഡിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന ആറോവറില്‍ ആറ് വിക്കറ്റ് നഷ്ടമായ രാജസ്ഥാന് 33 റണ്‍സ് മാത്രമാണ് നേടാനായത്.
