വലിയ ടൂര്‍ണമെന്‍റുകളിലും ഐപിഎല്ലിലും വട്ടപ്പൂജ്യമല്ലേ, റിയാന്‍ പരാഗ് ഭാവി താരമെന്ന് പറഞ്ഞ മുന്‍ സെലക്‌ടറെ പൊരിച്ച് ആരാധകര്‍  

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി അവസരങ്ങളുടെ പെരുമഴയൊരുങ്ങിയെങ്കിലും കഴിവ് തെളിയിക്കാനാവാതെ വിമര്‍ശനമേറ്റുവാങ്ങിയ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ദേവ്‌ധര്‍ ട്രോഫിയില്‍ റിയാന്‍ പരാഗിന്‍റെ ടീമായ ഈസ്റ്റ് സോണ്‍ ഫൈനലില്‍ തോറ്റെങ്കിലും ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗായിരുന്നു. ടൂര്‍ണമെന്‍റില്‍ 11 വിക്കറ്റും 354 റണ്‍സുമാണ് പരാഗ് പേരിലാക്കിയത്. 

ദേവ്‌ധര്‍ ട്രോഫിയിലെ അവിസ്‌മരണീയ പ്രകടനത്തില്‍ റിയാന്‍ പരാഗിനെ തേടിയെത്തിയ വലിയ പ്രശംസകളിലൊന്ന് ഇന്ത്യന്‍ മുന്‍ താരവും സെലക്‌ടറുമായിരുന്ന സാബാ കരീമിന്‍റേതായിരുന്നു. 'വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഭാവി താരങ്ങളിലൊരാളാണ് റിയാന്‍ പരാഗ്. പരാഗ് സൃഷ്‌ടിക്കുന്ന പവറിന് ഒപ്പമെത്തുന്ന താരങ്ങള്‍ വിരളമാണ്. ടൂര്‍ണമെന്‍റില്‍ താരം നന്നായി കളിച്ചു' എന്നുമാണ് സാബാ കരീമിന്‍റെ വാക്കുകള്‍. എന്നാല്‍ എല്ലാവര്‍ക്കും സാബായുടെ അഭിപ്രായത്തോട് ഐക്യപ്പെടാനായില്ല. 

പ്രതിഭയുള്ള താരമാണ് റിയാന്‍ പരാഗ് എന്ന് നിസംശയം പറയാം. എന്നാല്‍ വലിയ വേദികളില്‍ താരം മികവ് കാട്ടുകയും സ്ഥിരത പുലര്‍ത്തുകയും വേണം എന്നായിരുന്നു ഒരു ആരാധകന്‍റെ പ്രതികരണം. ഈ പ്രകടനമൊന്നും ഐപിഎല്ലില്‍ പരാഗിന്‍റെ ബാറ്റില്‍ നിന്ന് കാണുന്നില്ലല്ലോ എന്ന് ചോദിച്ചവരുമുണ്ട്. 2019ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച റിയാന്‍ പരാഗ് കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 7 കളികളില്‍ 118.18 പ്രഹരശേഷിയില്‍ 78 റണ്‍സേ നേടിയുള്ളൂ. ഇത് താരത്തിനെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യന്‍ എ പാകിസ്ഥാനോട് ഫൈനലില്‍ പരാജയപ്പെട്ട എമേര്‍ജിംഗ് ഏഷ്യാ കപ്പിലും മോശം പ്രകടനമാണ് പരാഗ് പുറത്തെടുത്തത്. 

എന്നാല്‍ ഇത്തവണ ദേവ്‌ധര്‍ ട്രോഫിയില്‍ ഗംഭീര ഫോമിലായിരുന്നു റിയാന്‍ പരാഗ്. ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലും തുടര്‍ച്ചയായ സെഞ്ചുറികള്‍ കണ്ടെത്തിയ താരം ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിനായി 65 പന്തില്‍ 95 റണ്‍സുമായി പോരാടി. എങ്കിലും 45 റണ്‍സിന്‍റെ വിജയവുമായി ദേവ്‌ധര്‍ ട്രോഫി കിരീടം സൗത്ത് സോണ്‍ സ്വന്തമാക്കി. 

Read more: റിയാന്‍ പരാഗിന്റെ പോരാട്ടം പാഴായി! ദേവ്‌ധര്‍ ട്രോഫി സൗത്ത് സോണിന്; രോഹന്‍ കുന്നുമ്മല്‍ മത്സരത്തിലെ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം