ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബൗളറായ ഇശാന്ത് ശര്‍മയാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് സമി വ്യക്തമാക്കിയിരുന്നു.

ജമൈക്ക: ഒരിക്കല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുന്ന സമയത്ത് ടീം അംഗങ്ങള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചിരുന്നുവെന്ന ആരോപണവുമായി വന്നിരുന്നു മുന്‍ വിന്‍ഡീസ് താരം ഡാരന്‍ സമി. തന്നെയും തിസാര പെരേരയെയും കറുത്തവനെന്നായിരുന്നു (ഹിന്ദിയില്‍ കാലു) വിളിച്ചിരുന്നതെന്നും ആദ്യമൊന്നും കാലു എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സമി കുറിച്ചിരുന്നു.

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബൗളറായ ഇശാന്ത് ശര്‍മയാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് സമി വ്യക്തമാക്കിയിരുന്നു. പിന്നീട് കാലു എന്ന് വിളിച്ചത് സ്‌നേഹത്തോടെയായിരുന്നുവെന്ന് ഇശാന്ത് സമിക്ക് മറുപടിയും കൊടുത്തിരുന്നു. ഇശാന്തിന്റെ വാക്കുകള്‍ താന്‍ വിശ്വസിക്കുന്നുവെന്നും സമി ട്വിറ്ററില്‍ കുറിച്ചു. ഇതിന് മറ്റൊരു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സമി ഇപ്പോള്‍. 

ഇശാന്ത് അന്ന് അങ്ങനെ വിളിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും എന്റെ സഹോദരനാണെന്നാണ് സമി പറയുന്നത്. മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്റെ വാക്കുകള്‍... ''ഇത്തരം ക്യാരങ്ങളൊന്നും മനസില്‍ വെക്കുന്നില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞാന്‍ ഇശാന്തുമായി സംസാരിച്ചിരുന്നു. സ്‌നേഹത്തോടെ വിളിച്ചതാണെന്നുള്ള ഇശാന്തിന്റെ വാക്കുകള്‍ ഞാന്‍ വിശ്വാസത്തിലെടുക്കുന്നു. അവന് എനിക്ക് സഹോദരനെ പോലെയാണ്. ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ എനിക്കൊരു മടിയുമില്ല. ഇനിയും എന്റെ പേര് പറയാന്‍ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ ഞാനത് ചോദ്യം ചെയ്യും.'' സമി പറഞ്ഞുനിര്‍ത്തി. 

2014-15 ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമ്പോഴാണ് സമി ഇത്തരത്തില്‍ ഒരു വിളി കേള്‍ക്കേണ്ടിവന്നത്. താനും ശ്രീലങ്കന്‍ താരം തിസാര പെരേരയും വംശീയ വംശീയ അധിക്ഷേപം നേരിട്ടുവെന്ന് ഡാരന്‍ സമി വെളിപ്പെടുത്തുകയായിരുന്നു. 2014 നവംബറില്‍ സണ്‍റൈസേഴ്‌സ് താരമായിരുന്ന ഇഷാന്ത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സമിക്കൊപ്പമുള്ള ചിത്രത്തില്‍ അടിക്കുറിപ്പില്‍ ഞാനും ഭുവിയും കാലുവും എന്ന് അടിക്കുറിപ്പ് നല്‍കിയിരുന്നു.