Asianet News MalayalamAsianet News Malayalam

സച്ചിന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സ് തെരഞ്ഞെടുത്ത് ഐസിസി

മത്സരം 26 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുക്കാന്‍ സച്ചിന്റെ ഇന്നിംഗ്സിനായി. ഫൈനലില്‍ മറ്റൊരു മനോഹര സെഞ്ചുറിയിലൂടെ സച്ചിന്‍ ഇന്ത്യക്ക് കിരീടവും സമ്മാനിച്ചു.

Desert Storm voted  as Sachin Tendulkar's top ODI innings by ICC poll
Author
Dubai - United Arab Emirates, First Published Apr 24, 2020, 8:25 PM IST

ദുബായ്: പിറന്നാള്‍ ദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സ് തെരഞ്ഞെടുത്ത് ഐസിസി. 1998ല്‍ ഷാര്‍ജയില്‍ നടന്ന കൊക്കോ കോള കപ്പില്‍ ഓസ്ട്രേലിയക്കെതിരെ 131 പന്തില്‍ നേടിയ 143 റണ്‍സാണ് ഐസിസി വോട്ടെടുപ്പിലൂടെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സായി തെരഞ്ഞെടുത്തത്. 4216 പേര്‍ വോട്ട് ചെയ്തതയില്‍ 50 .9 ശതമാനം വോട്ടാണ് ഷാര്‍ജയിലെ ഇന്നിംഗ്സിന് ലഭിച്ചത്. 49.1 ശതമാനം പേര്‍ പാക്കിസ്ഥാനെതിരായ 98 റണ്‍സ് തെരഞ്ഞെടുത്തു.

ഒമ്പത് ഫോറും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്. ഷാര്‍ജയിലെ മരുക്കാറ്റ് എന്ന പേരില്‍ പ്രശസ്തമായ ഇന്നിംഗ്സില്‍ ഷെയ്‍ വോണിനെ ഫ്രണ്ട് ഫൂട്ടില്‍ ഇറങ്ങി തലയ്ക്ക് മുകളിലൂടെ സച്ചിന്‍ സിക്സറിന് പറത്തുന്ന കാഴ്ച ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കില്ല. ആ ദൃശ്യങ്ങള്‍ ഓര്‍ത്ത് തനിക്ക് പലപ്പോഴും ഉറക്കം നഷ്ടമായെന്ന് പിന്നീട് ഷെയ്ന്‍ വോണ്‍ തന്നെ തുറന്നുപറഞ്ഞു.

മത്സരം 26 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുക്കാന്‍ സച്ചിന്റെ ഇന്നിംഗ്സിനായി. ഫൈനലില്‍ മറ്റൊരു മനോഹര സെഞ്ചുറിയിലൂടെ സച്ചിന്‍ ഇന്ത്യക്ക് കിരീടവും സമ്മാനിച്ചു. 2003ലെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ നേടിയ 98 റണ്‍സിനെ നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷാര്‍ജയിലെ ഇന്നിംഗ്സ് സച്ചിന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സായി തെരഞ്ഞെടുക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ ഡബിള്‍ സെഞ്ചുറി, ആദ്യമായി ഓപ്പണറായി ഇറങ്ങി ന്യൂസിലന്‍ഡിനെതിരെ നേടിയ 84 റണ്‍സ്, ഓസ്ട്രേലിയക്കെതിരെ നേടിയ 175 റണ്‍സ്, 1999ലെ ലോകകപ്പില്‍ പിതാവിന്റെ മരണശേഷം ക്രീസിലിറങ്ങി കെനിയക്കെതിരെ നേടിയ 143 റണ്‍സ്, കൊക്കോ കോള കപ്പില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ 134 റണ്‍സ്, സിബി സീരിസില്‍ ഓസീസിനെതിരെ നേടിയ 117 റണ്‍സ് എന്നിവയാണ് വോട്ടിംഗിലുണ്ടായിരുന്നത്. ഇതില്‍ പാക്കിസ്ഥാനെതിരെ നേടിയ 98 റണ്‍സും ഷാര്‍ജയിലെ ഇന്നിംഗ്സും ഫൈനല്‍ റൗണ്ടിലെത്തി.

Follow Us:
Download App:
  • android
  • ios