എനിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനായിരുന്നെങ്കില വാട്സ് ആപ്പ് മെസേജ് അയച്ചാല്‍ മതിയായിരുന്നല്ലോ എന്തിനാണ് ടീഷര്‍ട്ട് ധരിച്ചുള്ള നാടകമൊക്കെയെന്ന് ധനശ്രീ ചോദിച്ചു.
മുംബൈ: വിവാഹമോചനക്കേസിന്‍റെ വിധി വരുന്ന ദിവസം ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹല്‍ ഷുഗര്‍ ഡാഡി പരാര്‍ശമുള്ള ടീ ഷര്‍ട്ട് ധരിച്ചെത്തിയതിനെതിരെ മുന്‍ ഭാര്യ ധനശ്രീ വര്‍മ. ചാഹലിന്‍റെയും ധനശ്രീയുടെയും വിവാഹമോചന ഹര്‍ജിയില്‍ കുടുംബകോടതി വിധി പറയുന്ന ദിവസം ‘Be Your Own Sugar Daddy’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു ചാഹല്‍ കോടതി മുറിയിലെത്തിയത്. ഇതിലൂടെ ധനശ്രീക്ക് ഒരു സന്ദേശം നല്‍കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിന്നീട് ചാഹല്‍ ഒരു പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനാണ് ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ധനീശ്രീ ഇപ്പോള്‍ മറുപടി നല്‍കിയത്.
എനിക്ക് എന്തെങ്കിലും സന്ദേശം നല്‍കാനായിരുന്നെങ്കിൽ വാട്സ് ആപ്പ് സന്ദേശം അയച്ചാല്‍ മതിയായിരുന്നല്ലോ ടീഷര്‍ട്ട് ധരിച്ചുള്ള നാടകമൊക്കെ എന്തിനായിരുന്നുവെന്ന് ധനശ്രീ അഭിമുഖത്തില്‍ ചോദിച്ചു. വിവാഹമോചന വിഷയത്തില്‍ ആളുകള്‍ തന്നെ മാത്രമാകും കുറ്റപ്പെടുത്തുക എന്ന് വ്യക്തമായ ബോധ്യമുണ്ടെന്നും ധനശ്രീ പറഞ്ഞു. എനിക്കറിയാം ഈ ടീ ഷര്‍ട്ട് നാടകമൊക്കെ നടക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ആളുകള്‍ എന്നെ കുറ്റപ്പെടുത്തുമെന്ന്. വിവാഹമോചന കേസില്‍ വിധി വന്നതിന് പിന്നാലെ താന്‍ കോടതിയില്‍ പൊട്ടിക്കരയുകയായിരുന്നുവെന്നും എന്നാല്‍ വിധി കേട്ടശേഷം ചാഹല്‍ കോടതിയില്‍ നിന്ന് കൂളായി ഇറങ്ങിപ്പോയെന്നും ധനശ്രീ പറഞ്ഞു.
ഈ വിധി പ്രതീക്ഷിച്ചതും അതിനായി ഞങ്ങൾ മാനസികമായി തയറാടെത്തതുമായിരുന്നു. എന്നാല്‍ വിധി വന്നതിന് പിന്നാലെ എനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല, വികാരമടക്കാനാനാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. ഇതൊക്കെ സംഭവിക്കുമ്പോഴും ഒന്നും സംഭവിക്കാത്തതുപോലെ കോടതിയില്‍ നിന്ന് ആദ്യം ഇറങ്ങി നടന്നയാള്‍ ചാഹലാണെന്നും ധനശ്രീ പറഞ്ഞു. 2020ല്‍ വിവാഹിതരായ ചാഹലും ധനശ്രീയും ഈ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് പരസ്പര സമ്മതത്തോടെ ബാന്ദ്ര കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ടീമിലുണ്ടായിരുന്ന ചാഹല്‍ പിന്നീട് ടീമില്‍ നിന്ന് പുറത്തായി. ദീര്‍ഘനാളായി ഇന്ത്യൻ ടീമിലില്ലാത്ത ചാഹലിപ്പോള്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുകയാണ്.


