Asianet News MalayalamAsianet News Malayalam

ഒടുവില്‍ കുറ്റസമ്മതം; ഓവര്‍ ത്രോ തീരുമാനം തെറ്റായിപ്പോയെന്ന് ധര്‍മസേന

ആ സമയം തീരുമാനമെടുത്തതില്‍ എനിക്ക് പിഴച്ചുവെന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു. പക്ഷെ എനിക്ക് ടിവി റീപ്ലേകള്‍ കണ്ട് തീരുമാനം എടുക്കാനാവില്ലല്ലോ. അതുകൊണ്ട് അതില്‍ ഖേദമില്ല. മാത്രമല്ല, ആ സമയം എന്റെ തീരുമാനത്തെ ഐസിസി അടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു

Dharmasena admits his error on six runs awarded on overthrow in World Cup final
Author
London, First Published Jul 21, 2019, 5:21 PM IST

കൊളംബോ: ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് അനുകൂലമായി ആറ് ഓവര്‍ ത്രോ റണ്‍സ് അനുവദിക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് സമ്മതിച്ച് ഐസിസി അമ്പയര്‍ കുമാര ധര്‍മസേന. എന്നാല്‍ തനിക്ക് ടിവി റീപ്ലേകള്‍ കണ്ട് തീരുമാനമെടുക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ എടുത്ത തീരുമാനത്തില്‍ ഖേദമില്ലെന്നും ധര്‍മസേന പറഞ്ഞു. ടെലിവിഷന്‍ റീപ്ലേകള്‍ കണ്ട് ആളുകള്‍ക്ക് തീരുമാനമെടുക്കാനും അഭിപ്രായം പറയാനും എളുപ്പമാണ്. എന്നാല്‍ എനിക്കാ സൗകര്യമില്ല. അതുകൊണ്ടുതന്നെ എടുത്ത തീരുമാനത്തില്‍ ഖേദവുമില്ല-ധര്‍മനസേന സണ്‍ഡേ ടൈംസിനോട് പറഞ്ഞു.

ആ സമയം തീരുമാനമെടുത്തതില്‍ എനിക്ക് പിഴച്ചുവെന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു. പക്ഷെ എനിക്ക് ടിവി റീപ്ലേകള്‍ കണ്ട് തീരുമാനം എടുക്കാനാവില്ലല്ലോ. അതുകൊണ്ട് അതില്‍ ഖേദമില്ല. മാത്രമല്ല, ആ സമയം എന്റെ തീരുമാനത്തെ ഐസിസി അടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു. തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടാനുള്ള സാധ്യത അവിടെ ഇല്ലായിരുന്നു. കാരണം, അവിടെ ഒരു ബാറ്റ്സ്മാനും ഔട്ടായിരുന്നില്ല. അതുകൊണ്ട് ലെഗ് അമ്പയറുമായി ആശയവിനിമയം നടത്തുക എന്നത് മാത്രമായിരുന്നു എന്റെ മുന്നിലെ സാധ്യത. അത് നടത്തുകയും ചെയ്തു.

വാക്കി ടോക്കിയിലൂടെയുള്ള ആശയവിനിമയം മറ്റ് അമ്പയര്‍മാരും കേട്ടതാണ്. അവരും ടിവി റിപ്ലേകള്‍ കണ്ടല്ല തീരുമാനമെടുത്തത്. എന്നാല്‍ ബാറ്റ്സ്മാന്‍ റണ്‍ പൂര്‍ത്തിയാക്കിയതായി വാക്കി ടോക്കിയിലൂടെ അവരും അറിയിച്ചു. അതുകൊണ്ടാണ് ആ സമയം ഇംഗ്ലണ്ടിന് അനുകൂലമായി ആറ് റണ്‍സ് അനുവദിച്ചതെന്നും ധര്‍മസേന പറഞ്ഞു.

ഇംഗ്ലണ്ട് ബാറ്റിംഗിന്റെ അവസാന ഓവറില്‍ ജയത്തിലേക്ക് മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ ബൗണ്ടറിയില്‍ നിന്ന് മാര്‍ട്ടില്‍ ഗപ്ടില്‍ ത്രോ ചെയ്ത പന്ത് രണ്ടാം റണ്ണിനായി ഓടിയ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടക്കുകയായിരുന്നു. ഇതുവഴി ഇംഗ്ലണ്ടിന് അനുകൂലമായി ആറ് റണ്‍സ് അനുവദിച്ചു. ഇതോടെ ഇംഗ്ലണ്ട് ജയത്തിന് തൊട്ടടുത്തെത്തുകയും ചെയ്തു.

എന്നാല്‍ ത്രോ ചെയ്യുന്ന സമയത്ത് ബാറ്റ്സ്മാന്‍മാര്‍ പരസ്പരം ക്രോസ് ചെയ്യാത്തതിനാല്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സ് അനുവദിക്കാനെ നിയമം അനുവദിക്കുന്നുള്ളൂവെന്ന് മുന്‍ രാജ്യാന്തര അമ്പയര്‍ സൈമണ്‍ ടോഫല്‍ അടക്കം വ്യക്തമാക്കിയിരുന്നു. നിശ്ചിത ഓവറില്‍ ടൈ ആയ മത്സരം സൂപ്പര്‍ ഓവറിലും ടൈ ആയതിനെത്തുടര്‍ന്ന് നേടിയ ബൗണ്ടറികളുടെ എണ്ണത്തെ ആശ്രയിച്ചാണ് ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളായി പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios