സുനിൽ നരെയ്നെ സ്റ്റംപിംഗിലൂടെയും രഘുവൻഷിയെ ക്യാച്ചിലൂടെയുമാണ് ധോണി പുറത്താക്കിയത്. 

കൊൽക്കത്ത: ചെന്നൈ സൂപ്പര്‍ കിംഗ്സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ പുത്തൻ റെക്കോര്‍ഡ് സ്വന്തമാക്കി മഹേന്ദ്ര സിംഗ് ധോണി. ടോസ് നേടിയ കൊൽക്കത്ത നായകൻ അജിങ്ക്യ രഹാനെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ വിക്കറ്റിന് പിന്നിൽ ധോണി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അപകടകാരിയായ സുനിൽ നരെയ്നെയും അംഗ്കൃഷ് രഘുവൻഷിയെയും ധോണി പുറത്താക്കി. 

നൂര്‍ അഹമ്മദിന്‍റെ പന്തിൽ മിന്നൽ വേഗത്തിലുള്ള സ്റ്റംപിംഗിലൂടെയാണ് ധോണി നരെയ്നെ പുറത്താക്കിയത്. മനോഹരമായ ക്യാച്ചിലൂടെ രഘുവൻഷിയെയും ധോണി മടക്കിയയച്ചു. ഇതോടെ ഐപിഎല്ലിന്‍റെ ചരിത്രത്തിൽ മറ്റാര്‍ക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ് ധോണിയെ തേടിയെത്തിയത്. ഐപിഎല്ലിൽ 200 പുറത്താക്കലുകൾ സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായി ധോണി മാറി. 153 ക്യാച്ചുകളും 47 സ്റ്റംപിംഗുകളുമാണ് ധോണിയുടെ പേരിലുള്ളത്. കരിയറിൽ അദ്ദേഹത്തിന്‍റെ പേരിൽ 204 പുറത്താക്കലുകളുണ്ട്. 2008, 2009 സീസണുകളിൽ പാര്‍ഥിവ് പട്ടേലുമായി വിക്കറ്റ് കീപ്പിംഗ് പങ്കുവെച്ചപ്പോൾ ഔട്ട്ഫീൽഡിൽ ധോണി 4 ക്യാച്ചുകൾ സ്വന്തമാക്കിയിട്ടുണ്ട്.

137 ക്യാച്ചുകളും 37 സ്റ്റംപിംഗുകളും സഹിതം 174 പുറത്താക്കലുകൾ നേടിയ ദിനേഷ് കാര്‍ത്തിക്കാണ് ധോണിയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. 87 ക്യാച്ചുകളും 26 സ്റ്റംപിംഗുകളും സഹിതം 113 പുറത്താക്കലുകളുള്ള വൃദ്ധിമാൻ സാഹയാണ് മൂന്നാം സ്ഥാനത്ത്. 76 ക്യാച്ചുകളും 24 സ്റ്റംപിംഗുകളും സ്വന്തമാക്കിയിട്ടുള്ള റിഷഭ് പന്താണ് 100 പുറത്താക്കലുകളുമായി നാലാം സ്ഥാനത്ത്. 58 ക്യാച്ചുകളും 32 സ്റ്റംപിംഗുകളും നേടിയിട്ടുള്ള റോബിൻ ഉത്തപ്പ 90 പുറത്താക്കലുകളുമായി അഞ്ചാം സ്ഥാനത്തുണ്ട്.