റാഞ്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കാണോ മുന്‍ നായകന്‍ എം എസ് ധോണിക്കാണോ കൂടുതല്‍ ആരാധകരെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം പറയാനാവില്ല. ഇരുവര്‍ക്കും കണക്കിലൊതുങ്ങാത്ത ആരാധകരുണ്ട്. എന്നാല്‍ വളരെ രസകരമായ കണക്ക് ഇന്ന് ബിസിസിഐയുടെ ട്വിറ്റര്‍ അക്കൗണ്ടിലുമണ്ടായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റാഞ്ചിയില്‍ നടന്ന അവസാന ടെസ്റ്റ് കാണാന്‍ ധോണിയും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ധോണിയുടെ ഹോംഗ്രൗണ്ടിലാണ് മത്സരം നടക്കുന്നുവെന്നുള്ളതും ശ്രദ്ധേയമാണ്. ഡ്രസിങ് റൂമിലെത്തിയ ധോണി താരങ്ങളുമായി സംസാരിക്കുന്നതും വിവിധ ചിത്രങ്ങളില്‍ കാണാമായിരുന്നു. 

ഇത്തരത്തില്‍ ഒരു ചിത്രം ബിസിസിഐ ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവച്ചു. ഏഴ് മണിക്കൂറിനുള്ളില്‍ 60,000ല്‍ കൂടുതല്‍ പേരാണ് ചിത്രത്തിന് ലൈക്ക് നല്‍കിയത്. അതിനുമുമ്പ് മറ്റൊരു ചിത്രം കൂടി ബിസിസിഐ പങ്കുവച്ചിരുന്നു. 

പരമ്പര വിജയത്തിന് ശേഷം കോലിയും സംഘവും പവലിയനിലേക്ക് നടന്നുവരുന്ന ചിത്രവും ബിസിസിഐ പങ്കുവച്ചു. എന്നാല്‍ ഏഴ് മണിക്കൂറിനിടയില്‍ 12,000ത്തിന് അടുത്ത് ആരാധകര്‍ മാത്രമാണ് ചിത്രത്തോട് ലൈക്കിലൂടെ പ്രതികരിച്ചത്.

എന്നാല്‍ അഞ്ച് മണിക്കൂറുകള്‍ക്ക് മുമ്പ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ട്വീറ്റ് ബിസിസിഐ റീട്വീറ്റ് ചെയ്തു. ഇത്രയും സമയത്തിനിടെ 57,000 പേര്‍ ആ റീട്വീറ്റിന് പ്രതികരണവുമായെത്തി. എന്നാല്‍ കോലിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് ആയതിനാണ് ഇത്രയും പ്രതികരണം ലഭിച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധിക്കപ്പെടുന്നവരില്‍ മുന്നിലാണ് ധോണിയും കോലിയുമെന്ന് തെളിയിക്കുന്നതാണ് ഈ ട്വിറ്റര്‍ പ്രതികരണങ്ങള്‍.