പേര്‍ത്ത്: ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഫിനിഷറാണ് എം എസ് ധോണിയെന്ന് മുന്‍ ഓസീസ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  ബാറ്റിങ് കോച്ചുമായ മൈക്കല്‍ ഹസി. ടൈംസ് ഓഫ് ഇന്ത്യയുമായി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹസി. ഐപിഎല്ലിനെ കുറിച്ചും വരാനിരിക്കുന്ന ടി20 ലോകകപ്പിനെ കുറിച്ചും ഹസി വാചാലനായി. 

ഫിനിഷിംഗ് കഴിവ് പരിഗണിച്ചാല്‍ ക്രിക്കറ്റ് ലോകം കണ്ടതില്‍ മികച്ചവന്‍ ധോണിയാണെന്നാണ് ഹസി പറയുന്നത്. ''എല്ലാ കണക്കൂകൂട്ടിയാണ് ധോണി കളിക്കുന്നത്. സമ്മര്‍ദ്ദഘട്ടങ്ങളെ അദ്ദേഹത്തിന് ഇപ്പോഴും ശാന്തനായി നേരിടാന്‍ കഴിയും. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും മികച്ച ഫിനിഷര്‍ തന്നെയാണ്. എന്നാല്‍ ധോണി മറ്റൊരു തലത്തില്‍ ഉയര്‍ന്ന് നില്‍ക്കും.

പക്വമായ തീരുമാനങ്ങളെടുത്ത് കളിക്കുന്ന താരമാണ് ധോണി. ഒരു ടൂര്‍ണമെന്റിന് മുമ്പ് എങ്ങനെ മാനസികമായും ശാരീരികമായും തയ്യാറായിരിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. ധോണിക്ക് ഇനിയും ക്രിക്കറ്റ് കളിക്കണമെന്നുണ്ടെങ്കില്‍ ടീമിന് അദ്ദേഹത്തെ വേണമെന്നുണ്ടെങ്കില്‍ ഒരിക്കല്‍കൂടി ഇന്ത്യന്‍ ജേഴ്‌സിയില്‍ വിക്കറ്റ് കീപ്പറെ കാണാം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ശരിക്കും നഷ്ടമാണ്. ടൂര്‍ണമെന്റ് നടക്കുമെന്ന് തന്നെയാണ് വിശ്വാസം. ടി20 ലോകകപ്പ് കാണാന്‍ കാണികള്‍ വേണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ അതൊട്ടും സുരക്ഷിതമല്ല. അതുകൊണ്ട് അടച്ചിട്ട് സ്റ്റേഡിയത്തില്‍ നടത്തിയാലും മതിയാകും. എന്നാല്‍ താരങ്ങളുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.'' ഹസി പറഞ്ഞു.

ധോണിക്ക് ഇനിയും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനുള്ള കായികക്ഷമയുണ്ടെന്നും ഹസി നേരത്തെ പറഞ്ഞിരുന്നു.