ദില്ലി: ഇന്ത്യയില്‍ ആരാധിക്കപ്പെടുന്ന പുരുഷന്മാരില്‍ അസൂയാവഹമായ നേട്ടം സ്വന്തമാക്കി എം എസ് ധോണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ധോണി. വനിതകളില്‍ ബോക്‌സിങ് താരം മേരി കോം ആണ് ഒന്നാമത്. ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന കായികതാരവും ധോണി തന്നെയാണ്.

യുഗോവ് (YouGov) എന്ന ഇന്റര്‍നെറ്റ് മാര്‍ക്കറ്റിങ് റിസര്‍ച്ച് കമ്പനി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 42,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയിലാണ് ധോണി രണ്ടാമതെത്തിയത്. 8.58 ശതമാനം വോട്ടാണ് ധോണി നേടിയത്. മോദിക്ക് 15.66 ശതമാനം വോട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് രത്തന്‍ ടാറ്റ (8.02%), അമിതാഭ് ബച്ചന്‍ (6.55%), വിരാട് കോലി എന്നിവരേയും ധോണി പിന്നിലാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (5.81%), ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (4.46%) എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളിലാണ്. 

ലോകത്തിലെ പ്രമുഖരെ എടുത്താല്‍ ബരാക് ഒബാമ (7.36%), ബില്‍ ഗേറ്റ്‌സ് (6.96%) എന്നിവരെല്ലാം ധോണിക്ക് പിന്നിലാണ്. ലിസ്റ്റില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (2.95%) 13ാം സ്ഥാനത്തും അര്‍ജന്റീനയുടെ ലിയോണല്‍ മെസി (2.32%) പതിനാറാം സ്ഥാനത്തുമാണ്.