ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ധോണി ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ചെയ്‍ത കാര്യങ്ങള്‍ എല്ലാവരുടെയും ഹൃദയത്തില്‍ എന്നുമുണ്ടാകുമെന്ന് നായകൻ വിരാട് കോലി പ്രതികരിച്ചു.

ഓരോ ക്രിക്കറ്റ് താരവും ഒരു ദിവസം തന്റെ യാത്ര അവസാനിപ്പിക്കേണ്ടതുണ്ട്. എന്നാൽ  അടുത്തറിയുന്ന ആരെങ്കിലും ആ തീരുമാനം പ്രഖ്യാപിക്കുമ്പോൾ, നിങ്ങള്‍ വികാരഭരിതരാകും. നിങ്ങൾ രാജ്യത്തിനായി ചെയ്‌തത് എല്ലാവരുടെയും ഹൃദയത്തില്‍ എന്നുമുണ്ടാകുമെന്നുമാണ് ഇന്ത്യൻ നായകൻ വിരാട് കോലി പ്രതികരിച്ചത്. ഒരു സൂചനയും നല്‍കാതെയായിരുന്നു ധോണി ഇന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2004ല്‍ ആയിരുന്നു ധോണി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ എത്തിയത്. 2007ല്‍ ഇന്ത്യയുടെ നായകനുമായി. ക്രിക്കറ്റില്‍ ഇന്ത്യയുടെ ലോക വിജയങ്ങളിലേക്കുള്ള തുടക്കവുമായിരുന്നു അത്.  നായകനായ അതേവര്‍ഷം ഇന്ത്യക്ക് ടി20 ലോകകപ്പ് സമ്മാനിച്ചു. 2011ല്‍ ഏകദി ലോകകപ്പും, 2013ല്‍ ചാമ്പ്യൻസ് കിരീടവും സമ്മാനിച്ചു. രാജ്യാന്തര കരിയറില്‍ ഇതുവരെ 90 ടെസ്റ്റുകളിലാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‍സ്‍മാൻ മാറ്റുരച്ചത്.  348 ഏകദിനങ്ങളിലും 98 ട്വന്റി 20 മത്സരങ്ങളിലും. ടെസ്റ്റില്‍ നിന്ന് 2014ല്‍ തന്നെ വിരമിച്ചിരുന്നു.