ഫിനിഷറുടെ റോള്‍ നാളുകളായി കൈകാര്യം ചെയ്യുന്ന എം എസ് ധോണി ലോകകപ്പില്‍ ഏത് നമ്പറില്‍ ബാറ്റിംഗിനിറങ്ങണം എന്നത് വലിയ ചര്‍ച്ചാവിഷയമാണ്.

ചെന്നൈ: ലോകകപ്പ് ടീം ചര്‍ച്ചകള്‍ക്കൊപ്പം താരങ്ങളുടെ ബാറ്റിംഗ് പൊസിഷനെ സംബന്ധിച്ചും ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ഫിനിഷറുടെ റോള്‍ നാളുകളായി കൈകാര്യം ചെയ്യുന്ന എം എസ് ധോണി ഏത് നമ്പറില്‍ ബാറ്റിംഗിനിറങ്ങണം എന്നതും വലിയ ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ ടീമിലും ചെന്നൈ സൂപ്പര്‍ കിംഗ്സിലും ധോണിയുടെ സഹതാരമായ സുരേഷ് റെയ്‌നയ്ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണമുണ്ട്.

അഞ്ചോ ആറോ ആണ് ധോണിക്ക് ഉചിതമായ ബാറ്റിംഗ് പൊസിഷനെന്ന് റെയ്‌ന പറയുന്നു. 'വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മത്സരങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നയാളാണ് ധോണി. സാഹചര്യം ആവശ്യപ്പെടുമ്പോള്‍ മികച്ച ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും മത്സരം ഫിനിഷ് ചെയ്യാനും ധോണിക്കാവും' എന്നും റെയ്‌ന പറഞ്ഞു. ബാറ്റിംഗ് ക്രമത്തില്‍ മൂന്നോ നാലോ ആണ് വിരാട് കോലിക്ക് ഉചിതമെന്നും റെയ്‌ന വ്യക്തമാക്കി.

നിലവില്‍ ഏകദിന ടീമിലെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറാണ് എം എസ് ധോണി. 340 ഏകദിനങ്ങള്‍ കളിച്ച ധോണി 10474 റണ്‍സ് നേടിയിട്ടുണ്ട്. 50.84 ആണ് ബാറ്റിംഗ് ശരാശരി. 10 സെഞ്ചുറികളും 71 അര്‍ദ്ധ സെഞ്ചുറികളും ധോണിയുടെ പേരിലുണ്ട്.