മുംബൈ: സീസണില്‍ ഐപിഎല്‍ യുഎഇയില്‍ നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ടൂര്‍ണമെന്റ് നടത്താനുള്ള അനുമതിയും നല്‍കി. സെപ്റ്റംബര്‍ 19നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. നവംബര്‍ 10ന് അവസാനിക്കുന്ന രീതിയിലാണ് ഐപിഎല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ ഫ്രാഞ്ചൈസികള്‍ താരങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കേണ്ടതിന്റെ നടപടിക്രമങ്ങളും ആരംഭിച്ചു.

എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ധോണിയുടെ തിരിച്ചുവരവിനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണി പരിശീലനവും ആരംഭിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ശേഷം ധോണി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിട്ടില്ല. ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചയായ ഈ വേളയില്‍ രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

ഈ ഐപിഎല്ലില്‍ ധോണിക്ക് തിളങ്ങാന്‍ സാധിക്കുമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. വിരാട് കോലിയുടെ വിവാഹചടങ്ങില്‍ സംഭവിച്ച കാര്യം ഉദാഹരണമായെടുത്താണ് മഞ്ജരേക്കര്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''വിരാട് കോലിയുടെ വിവാഹചടങ്ങിനിടെ ധോണിയുമായി സംസാരിച്ചിരുന്നു. അന്ന് അദ്ദേഹം എന്നോട് ഒരു കാര്യം വ്യക്തമാക്കി. ഇന്ത്യന്‍ ടീമിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനെ ഓടി തോല്‍പ്പിക്കാന്‍ കരുത്തും ആരോഗ്യവും ഉള്ളിടത്തോളം കാലം സ്വയം ഫിറ്റാണെന്ന് കരുതുമെന്ന് ധോണി അന്ന് പറഞ്ഞിരുന്നു. അത്രയും കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുമെന്നും ധോണി അന്ന് വ്യക്തമാക്കി.'' സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള ക്രിക്കറ്റ് കണക്റ്റഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ധോണിയുടെ തിരിച്ചുവരവിന് അനുകൂലമാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. അദ്ദേഹം വിശദീകരിച്ചു... ''ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിക്ക് യോജിച്ച സാഹചര്യമാണിപ്പോള്‍. അദ്ദേഹം 100 ശതമാനം ഫിറ്റാണെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്ക് സാധിക്കും. മാനസികമായും ശാരീരികമായും അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തും. അദ്ദേത്തിന്റെ പവര്‍ഫുള്‍ ഷോട്ടുകള്‍ വൈകാതെ നമുക്ക് കാണാം.'' മഞ്ജരേക്കര്‍ പറഞ്ഞുനിര്‍ത്തി