യോഗ്യനായ പിന്‍ഗാമിയെത്താനുള്ള കാത്തിരിപ്പിലാണ് ധോണിയെന്നും അതുകൊണ്ട് തന്നെ സഞ്ജു ചെന്നൈയിലെത്തിയാല്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും അടുത്ത തവണത്തേതെന്നും കൈഫ് പറഞ്ഞു.

ലക്നൗ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ധോണിയുടെ ഭാവി സംബന്ധിച്ച പ്രവചനവുമായി മുന്‍ താരം മുഹമ്മദ് കൈഫ്. ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് സഞ്ജു സാംസണ്‍ വരികയാണെങ്കില്‍ ധോണി ഐപിഎല്‍ സീസണിടയില്‍ വിരമിക്കുമെന്ന് കൈഫ് യുട്യൂബ് ചാനലില്‍ പറഞ്ഞു.

യോഗ്യനായ പിന്‍ഗാമിയെത്താനുള്ള കാത്തിരിപ്പിലാണ് ധോണിയെന്നും അതുകൊണ്ട് തന്നെ സഞ്ജു ചെന്നൈയിലെത്തിയാല്‍ ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും അടുത്ത തവണത്തേതെന്നും കൈഫ് പറഞ്ഞു. 2008ല്‍ ധോണിയും ജഡേജയും ഒരുമിച്ചാണ് ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. ആദ്യ സീസണില്‍ ചെന്നൈയിലെത്തിയശേഷം ധോണി മറ്റെവിടേക്കും പോയിട്ടില്ല. എന്നാല്‍ സഞ്ജുവിന്‍റെ താരകൈമാറ്റം യാഥാര്‍ത്ഥ്യമായാല്‍ ഇത് ധോണിയുടെ അവസാന സീസണാവും. സഞ്ജു ടീമിലെത്തി സെറ്റായാല്‍ തന്‍റെ പിന്‍ഗാമിക്ക് അവകാശങ്ങളെല്ലാം കൈമാറി ടീം വീടുമെന്നാണ് കരുതുന്നതെന്നും കൈഫ് പറഞ്ഞു.

സഞ്ജുവിനെ സ്വന്തമാക്കാന്‍ രവീന്ദ്ര ജഡേജയെയും ഓള്‍ റൗണ്ടര്‍ സാം കറനെയും പകരം വിട്ടുകൊടുത്തുകൊണ്ടുള്ള താരകൈമാറ്റത്തിന് ചെന്നൈയും രാജസ്ഥാനും ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ജഡേജക്കൊപ്പം വെടിക്കെട്ട് താരം ഡെവാള്‍ഡ് ബ്രെവിസിനെ വേണമെന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് ഇരു ടീം മാനേജ്മെന്‍റുകളും ചര്‍ച്ച നടത്തി ധാരണയിലെത്തിയെന്നാണ് സൂചന. ഡല്‍ഹി ക്യാപിറ്റല്‍സും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നെങ്കിലും പകരം ട്രിസ്റ്റന്‍ സ്റ്റബ്സിനെ വേണമെന്ന രാജസ്ഥാന്‍റെ കടുംപിടുത്തം കാരണം ഇത് നടക്കാതെ പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 15ന് മുമ്പ് താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ടീമുകള്‍ക്ക് തീരുമാനമെടുക്കണം. ഇതിന് മുമ്പ് സഞ്ജുവിന്‍റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക