മുംബെെ: ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് വിശ്രമം അനുവദിച്ചു. ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാറാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ഇതോടെ അവസാന രണ്ട് മത്സരങ്ങളില്‍ യുവതാരം റിഷഭ് പന്തായിരിക്കും വിക്കറ്റിന് പിന്നില്‍ ഇന്ത്യക്കായി ഗ്ലൗസണിയുക.

ലോകകപ്പിന് മുമ്പ് റിഷഭ് പന്തിന് വീണ്ടും പ്രതിഭ തെളിയിക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയം നേടിയ ഇന്ത്യ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ തോല്‍വിയേറ്റ് വാങ്ങിയിരുന്നു. ഇതോടെ ഓസ്ട്രേലിയക്ക് പരമ്പരയിലേക്ക് തിരിച്ചെത്താന്‍ അവസരമൊരുങ്ങിയിരിക്കുകയാണ്.

എന്നാല്‍, ഒരു മത്സരം കൂടെ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനാലാണ് ധോണിക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. മൂന്നാം ഏകദിനത്തിനിടെ കാലിന് ചെറുതായി പരിക്കേറ്റ മുഹമ്മദ് ഷമിയുടെ കാര്യം ഇന്ത്യ വിശദമായി പരിശോധിക്കുന്നുണ്ട്. ഷമിയുടെ പരിക്ക് ഗുരുതരമാണെങ്കില്‍ ഭുവനേശ്വര്‍ കുമാറാകും പകരം ടീമിലെത്തുക. അവസാന രണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് റാഞ്ചിയിലെ മത്സരത്തിന് ശേഷം വിരാട് കോലി പ്രതികരിച്ചിരുന്നു.