കൊൽക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മഹത്തായ ദിവസം 2011ല്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയതാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2003ല്‍ തന്റെ കീഴില്‍ കളി തുടങ്ങിയ ഏഴോ എട്ടോ പേര്‍ ധോണിയുടെ നായകത്വത്തില്‍ ലോകകപ്പ് ഉയര്‍ത്തിയ ടീമിലുണ്ടായിരുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ഗാംഗുലി ഒരു ഓണ്‍ലൈന്‍ പ്രഭാഷണത്തില്‍ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ക്രിക്കറ്റിലെ മഹത്തായ ദിവസം 2011ല്‍ ധോണി ലോകകപ്പ് ഉയര്‍ത്തിയ ദിവസമാണ്. ഫൈനലില്‍ ധോണി നേടിയ വിജയ സിക്സര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എക്കാലത്തും തിളക്കത്തോടെ നില്‍ക്കും. എന്തൊരു നിമിഷമായിരുന്നു അത്. അന്ന് ഞാൻ കമന്ററി ബോക്സിലുണ്ടായിരുന്നു. ധോണിയും സംഘവും വിജയത്തിനുശേഷം മൈതാനം വലംവയ്ക്കുന്നത് കാണാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നത് ഇപ്പോഴും ഓർമയുണ്ട്.


ആ ടീമിലെ ഏഴോ എട്ടോ പേര്‍ കളി തുടങ്ങിയത് എന്റെ കീഴിലായിരുന്നു. സെവാഗ്, ധോണി, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്, ആശിഷ് നെഹ്റ അങ്ങനെ പലരും. മുന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറെ എനിക്ക് അഭിമാനം നല്‍കിയ കാര്യമാണത്. ഇന്ത്യയെ നാട്ടിലും വിദേശത്തും ജയിക്കാവുന്ന ടീമാക്കി എന്നാണ് തന്റെ ഏറ്റവും വലിയ സംഭാവനയായി കാണുന്നതെന്നും ഗാംഗുലി പറഞ്ഞു.


2003ല്‍ ഗാംഗുലിക്ക് കീഴില്‍ ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്റ, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയവര്‍ 2011ല്‍ ധോണിയുടെ നേതൃത്വത്തില്‍ ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിലും കളിച്ചു.

2003ലെ ഏകദിന ലോകകപ്പ് ടീമില്‍ ധോണി ഉണ്ടായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് 'എ സെഞ്ചുറി നോട്ട് ഇനഫ്' എന്ന തന്റെ പുസ്തകത്തില്‍ ഗാംഗുലി എഴുതിയിരുന്നു. പക്ഷെ അന്ന് ധോണി ഇന്ത്യന്‍ റെയില്‍വെയില്‍ ടിക്കറ്റ് കലക്ടറായി ജോലി നോക്കുകായയിരുന്നുവെന്ന് പിന്നീട് ഞാനറിഞ്ഞു. അവിശ്വസനീയമാണത്-ഗാംഗുലി പുസ്തകത്തില്‍ എഴുതി.