സെഞ്ചുറി നേടാതെ മടങ്ങേണ്ടി വന്നെങ്കിലും, മനസ്സാന്നിധ്യം കാരണം ജുറല്‍ ഒരുപാട് സെഞ്ചുറി നേടുമെന്നും ഗവാസ്‌കര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ദില്ലി: ഇംഗ്ലണ്ടിനെതിരേ ഒന്നാം ഇന്നിംഗ്‌സില്‍ 90 റണ്‍സാണ് ധ്രുവ് ജുറല്‍ അടിച്ചെടുത്തത്. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജുറലിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍് ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റനു വിക്കറ്റ് കീപ്പറുമായിരുന്ന എം എസ് ധോണിയോടാണ് ജുറലിനെ ഉപമിച്ചത്. ജുറലിന്റെ മനസ്സാന്നിധ്യം ധോണിയെ ഓര്‍മപ്പെടുത്തുന്നുവെന്നാണ് ഗവാസ്‌കര്‍ വ്യക്തമാക്കിയത്.
സെഞ്ചുറി നേടാതെ മടങ്ങേണ്ടി വന്നെങ്കിലും, മനസ്സാന്നിധ്യം കാരണം ജുറല്‍ ഒരുപാട് സെഞ്ചുറി നേടുമെന്നും ഗവാസ്‌കര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോള്‍ ഗവാസ്‌ക്കറുടെ താരതമ്യത്തോട് പ്രതികരിക്കുകയാണ് ജുറല്‍. ജുറലിന്റെ വാക്കുകള്‍... ''സുനില്‍ ഗവാസ്‌കറിനെപ്പോലെയുള്ള ഒരു ഇതിഹാസം എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുന്നത് വലിയ പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നത്. മാനസികാവസ്ഥ നല്ലതായിരുന്നു, പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. പന്ത് നന്നായി നിരീക്ഷിക്കാനും കളിക്കാനുമാണ് ശ്രദ്ധിച്ചത്. അതിനെനിക്ക് സാധിച്ചു.'' ജുറെല്‍ പറഞ്ഞു.
വലിയ സ്‌കോര്‍ നഷ്ടമായതില്‍ ഖേദമില്ലെന്ന് ജുറല്‍ പറഞ്ഞു. ''സെഞ്ച്വറി നഷ്ടമായതില്‍ എനിക്ക് വിഷമമില്ല. ഇത് എന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയാണ്. ട്രോഫി എന്റെ കൈകളില്‍ ഉയര്‍ത്താന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിക്കുക എന്നത് ബാല്യകാല സ്വപ്‌നമായിരുന്നു.'' ജുറല്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്തായിരുന്നു. 219-7 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് 90 റണ്‍സടിച്ച ജുറെലിന്റെ പോരാട്ടമാണ് കരുത്തായത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെ എത്തിച്ച ജുറെല്‍ ലഞ്ചിന് തൊട്ടു മുമ്പ് അവസാന ബാറ്ററായാണ് പുറത്തായത്. മൂന്നാം ദിനം ക്രീസിലിറങ്ങുമ്പോള്‍ ഇംഗ്ലണ്ട് 134 റണ്‍സിന്റെ ലീഡുണ്ടായിരുന്നു.

