ടി20, ഏകദിന ക്രിക്കറ്റിലെന്ന പോലെ ധ്രുവ് ജുറെലിന് ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടറായ കുമാര്‍ സംഗക്കാരക്കും യാതൊരു സംശയവുമില്ല.
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ സെലക്ടര്‍മാര്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ അതിശയിപ്പിച്ചത് ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സ് താരമായ ധ്രുവ് ജുറെലിന്‍റെ ടെസ്റ്റ് ടീമിലേക്കുള്ള കടന്നുവരവാണ്. കഴിഞ്ഞ സീസണില്‍ ഫിനിഷറെന്ന നിലയില്‍ രാജസഥാനു വേണ്ടി തിളങ്ങിയ 22കാരന്‍ തന്‍റെ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണെപ്പോലും മറികടന്നാണ് 22-ാം വയസില്‍ ടെസ്റ്റ് ടീമിലെത്തുന്നത്.
ഇഷാന്‍ കിഷനോട് സെലക്ടര്‍മാര്‍ക്കും ടീം മാനേജ്മെന്‍റിനുമുള്ള നീരസവും പകരക്കാരനാവുമെന്ന് കരുതിയ സഞജു സാംസണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വലിയ നേട്ടങ്ങളില്ലാത്തതും മാത്രമല്ല ധ്രുവ് ജുറെലിനെ ടെസ്റ്റ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കാന്‍ കാരണം. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനായും റണ്ണടിച്ചതിന് പുറമെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ റണ്‍സടിക്കാനുള്ള മികവ് കൂടിയാണ് ജൂറെലിന് സഞ്ജുവിനെ പോലും മറികടന്ന് ടെസ്റ്റ് ടീമില്‍ സ്ഥാനം നല്‍കിയത്.
ടി20, ഏകദിന ക്രിക്കറ്റിലെന്ന പോലെ ധ്രുവ് ജുറെലിന് ടെസ്റ്റ് ക്രിക്കറ്റിലും തിളങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടറായ കുമാര്‍ സംഗക്കാരക്കും യാതൊരു സംശയവുമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങാന്‍വേണ്ട ബാറ്റിംഗ് ടെക്നിക്കും മാനസിക കരുത്തുമുള്ള ബാറ്ററാണ് ധ്രുവ് ജുറെലെന്ന് കുമാര്‍ സംഗക്കാര പറഞ്ഞു. കഴിഞ്ഞ സീസണിലാണ് അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ജുറെല്‍ രാജസ്ഥാന്‍ ടീമിലെത്തുന്നത്. ആദ്യ സീസണില്‍ തന്നെ ഫിനിഷറെന്ന നിലയില്‍ തിളങ്ങി. കളിയോടുള്ള സമര്‍പ്പണവും സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കാനുള്ള അവന്‍റെ മികവും മറ്റ് താരങ്ങള്‍ക്കും മാതൃകയാണെന്ന് സംഗക്കാര പറഞ്ഞു.
ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം, അത് സച്ചിനോ കോലിയോ ഒന്നുമല്ല; തുറന്നു പറഞ്ഞ് മൊയീന്‍ അലി
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാനുവേണ്ടി 13 മത്സരങ്ങളിലെ 11 ഇന്നിംഗ്സുകളില്‍ 152 റണ്‍സെ നേടിയുള്ളൂവെങ്കിലും അത് നേടിയ രീതി ജൂറെലിനെ വ്യത്യസ്തനാക്കിയിരുന്നു. 172.73 പ്രഹരശേഷിയിലാണ് ഫിനിഷറായി ഇറങ്ങിയ ജൂറെല്‍ റണ്ണടിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ ഉത്തര്‍പ്രദേശിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറിയ ജൂറെല്‍ ഇതുവരെ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കം 790 റണ്‍സ് നേടി. 249 റണ്‍സാണ് മികച്ച സ്കോര്‍. 10 ലിസ്റ്റ് എ മത്സരങ്ങളിലും 23 ടി20 മത്സരങ്ങളിലും ജുറെല്‍ കളിച്ചു.
