2019ലെ ലോകകപ്പ് സെമിയില്‍ റണ്ണൗട്ടായി പുറത്തായശേഷം പൊട്ടിക്കരഞ്ഞോ, മറുപടി നല്‍കി ധോണി
ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്സിന് പറത്തിയതോടെ ഇന്ത്യയുടെ ആവേശം ഇരട്ടിച്ചു. അടുത്ത പന്തില്‍ റണ്ണില്ല. മൂന്നാം പന്തില്‍ സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച പന്തില്‍ രണ്ടാം റണ്ണിനായുള്ള ധോണിയുടെ ശ്രമം.

ബെംഗളൂരു: ഇംഗ്ലണ്ടില്‍ നടന്ന 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ സെമി ഫൈനലില്‍ പൊലിഞ്ഞുവീണത് ഒരു റണ്ണൗട്ടിന്‍റെ രൂപത്തിലായിരുന്നു. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെയ വിജയത്തിനായി പൊരുതുകയായിരുന്നു ഇന്ത്യ. അവസാന രണ്ടോവറില്‍ ജയത്തിലേക്ക് വേണ്ടത് 31 റണ്‍സ്. 43 റണ്‍സുമായി ക്രീസില്‍ നിന്ന ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ എം എസ് ധോണിയിലായിരുന്നു എല്ലാ പ്രതീക്ഷയും.
ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്സിന് പറത്തിയതോടെ ഇന്ത്യയുടെ ആവേശം ഇരട്ടിച്ചു. അടുത്ത പന്തില്‍ റണ്ണില്ല. മൂന്നാം പന്തില്‍ സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച പന്തില്‍ രണ്ടാം റണ്ണിനായുള്ള ധോണിയുടെ ശ്രമം. ഇഞ്ചുകളുടെ വ്യത്യാസത്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ ഡയറക്ട് ഹിറ്റില്‍ ധോണി റണ്ണൗട്ട്. ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ അവിടെ തീര്‍ന്നു. മത്സരം ഇന്ത്യ തോറ്റത് 18 റണ്‍സിനായിരുന്നു.
ആ റണ്ണൗട്ട് കണ്ട് ഡ്രസ്സിംഗ് റൂമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ കുട്ടികളെ പോലെ പൊട്ടികരഞ്ഞുവെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന സഞ്ജയ് ബംഗാര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കളിക്കാരെല്ലാം ഡ്രസ്സിംഗ് റൂമില്‍ പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ പൊട്ടിക്കരഞ്ഞു, ഔട്ടായി തിരിച്ചെത്തിയ ധോണിയും കുട്ടികളെപ്പോലെ കരയുകയായിരുന്നു. അതെല്ലാം ഡ്രസ്സിംഗ് റൂമില്‍ മാത്രം അറിഞ്ഞ കഥകളാണെന്നായിരുന്നു ബംഗാര്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞത്.
ഇക്കാര്യത്തെക്കുറിച്ച് ഇന്നലെ ബെംഗളൂരുവില്‍ നടന്ന പ്രമോഷണല്‍ പരിപാടിയില്‍ ധോണിയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. വിജയത്തിന് ഇത്രയും അടുത്തെത്തി കളി തോല്‍ക്കുമ്പോള്‍ പലപ്പോഴും വികാരം അടക്കാനാവില്ലെന്ന് ധോണി പറഞ്ഞു. ഓരോ മത്സരത്തിനുമുള്ള പദ്ധതികളുമായാണ് ഞാനിറങ്ങാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ കുപ്പായത്തില്‍ അതെന്‍റെ അവസാന മത്സരമായിരുന്നു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചതെങ്കിലും ഇനിയൊരിക്കലും രാജ്യത്തിനുവേണ്ടി കളിക്കാനാവില്ലല്ലോ എന്ന ചിന്തയാണ് എന്‍റെ ദു:ഖം ഇരട്ടിപ്പിച്ചത്.
കാരണം, കോടിക്കണക്കിന് ആളുകളില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കായിക മത്സരങ്ങളില്‍ അവസരം ലഭിക്കാറുള്ളത്. അത് കോമണ്‍വെല്‍ത്ത് ഗെയിംസായാലും ഒളിംപിക്സായാലും എല്ലാം അങ്ങനെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കുവേണ്ടി ഇനി കളിക്കാനാവില്ലല്ലോ എന്നത് എന്നെ ശരിക്കും ദു:ഖത്തിലാഴ്ത്തി. ആ മത്സരത്തിനുശേഷവും ടീമിന്‍റെ ട്രെയിനര്‍ പല പരിശീലന സാമഗ്രികളും എനിക്ക് തന്നിരുന്നു. ഞാന്‍ ചോദിച്ചത് ഇതൊക്കെ എനിക്ക് ഇനി എന്തിനാണെന്നാണ്. കാരണം, അപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
അടുത്ത ഐപിഎല്ലിലും ചെന്നൈയെ നയിക്കുക 'തല' തന്നെ, നിര്‍ണായക സൂചനയുമായി ധോണി
12-15 വര്‍ഷം മറ്റൊന്നും ചെയ്യാതെ രാജ്യത്തിനായി മാത്രം കളിച്ച എനിക്ക് ഇനിയതിന് കഴിയില്ലല്ലോ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ നല്‍കാന്‍ കഴിയില്ലല്ലോ എന്നെല്ലാമുള്ള ചിന്തകളായിരുന്നു അപ്പോള്‍ മനസില്‍. ആ സമയത്ത് തീര്‍ച്ചയായും നമ്മള്‍ വികാരത്തിന് അടിപ്പെടുമെന്നും ധോണി പറഞ്ഞു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് 2020 ഓഗസ്റ്റ് 15ന് രാത്രി 7.29നാണ് ധോണി അപ്രതീക്ഷിതമായി ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം, ഇത്രയും കാലം നല്‍കിയ സ്നേഹത്തിനും പിന്തുണക്കും നന്ദിയെന്നതായിരുന്നു ധോണിയുടെ ട്വീറ്റ്. ധോണിക്ക് തൊട്ടുപിന്നാലെ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക