അപരാജിതരായി ഇന്ത്യ മാത്രം, ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്; ഇംഗ്ലണ്ട് അഫ്ഗാനും പിന്നില്‍ ഒമ്പതാമത്
കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ ഇംഗ്ലണ്ട് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകലിന്‍റെ വക്കിലാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയോടും തോറ്റാല്‍ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താകും.
ബെംഗളൂരു: ലോകകപ്പില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ശ്രീലങ്കക്കെതിരെയും തോറ്റതോടെ പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് നിലവിലെ ചാമ്പ്യന്‍മാരുടെ സ്ഥാനം. നെതര്‍ലന്‍ഡ്സ് മാത്രമാണ് ഇംഗ്ലണ്ടിന് പിന്നിലുള്ള ഒരേയൊരു ടീം. ഓസ്ട്രേലിയക്കെതിരെ 309 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെ നെറ്റ് റണ്‍ റേറ്റില്‍ മാത്രമാണ് നെതര്‍ലന്‍ഡ്സ് ഇംഗ്ലണ്ടിന് പിന്നിലായി പോയത്.
കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ ഇംഗ്ലണ്ട് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകലിന്‍റെ വക്കിലാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയോടും തോറ്റാല്‍ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താകും. പിന്നീട് അവശേഷിക്കുന്ന മൂന്ന് കളികളില്‍ ഇംഗ്ലണ്ടിന് പരമാവധി നേടാനാകുക ആറ് പോയന്‍റാണ്. സെമിയിലെത്താന്‍ കുറഞ്ഞത് 10 പോയന്‍റെങ്കിലും വേണമെന്നിനാല്‍ ഇന്ത്യക്കെതിരായ മത്സരം ഇംഗ്ലണ്ടിന് ജീവന്‍മരണപ്പോരാട്ടമാണ്.
ടൂര്‍ണമെന്‍റില്‍ ഇതുവരെ പരാജയമറിയാത്ത ഒരേയൊരു ടീം ഇന്ത്യ മാത്രമാണ്. അഞ്ച് കളികളില്‍ 10 പോയന്‍റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം കൈവിടേണ്ടിവരും. ഇന്ത്യയെക്കാള്‍(1.35) മികച്ച നെറ്റ് റണ്‍റേറ്റുള്ള ദക്ഷിണാഫ്രിക്ക(2.37) പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറും. നാളെ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഓസ്ട്രേലിയയെ തോല്‍പ്പിച്ചാലും ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമാവും.
ന്യൂസിലന്‍ഡിനും(1.48) ഇന്ത്യയെക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റുണ്ട്. നാളെ ന്യൂസിലന്‍ഡിനെതിരെ വലിയ മാര്‍ജിനുള്ള വിജയം നേടിയാലെ ഓസ്ട്രേലിയക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാനാകു. ഇന്നലെ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെ ശ്രീലങ്ക അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ പാകിസ്ഥാന്‍ ആറാം സ്ഥാനത്തായി. അഫ്ഗാനിസ്ഥാന്‍ ഏഴാമതും ബംഗ്ലാദേശ് എട്ടാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക