ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് സഞ്ജു നൽകിയ മറുപടി ശ്രദ്ധേയമാണ്.
ചെന്നൈ: രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയപ്പോൾ താൻ നായകസ്ഥാനം ആവശ്യപ്പെട്ടെന്ന വാർത്തകൾ തള്ളി മലയാളി താരം സഞ്ജു സാംസൺ. ഐപിഎൽ സീസണിന് മുന്നോടിയായി നടന്ന റെക്കോർഡ് ട്രാൻസ്ഫറിലൂടെയാണ് 18 കോടി രൂപയ്ക്ക് സഞ്ജു രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈയിലെത്തിയത്. ഇതിന് പിന്നാലെ ടീമിൽ സഞ്ജുവിന്‍റെ റോള്‍ സംബന്ധിച്ച നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അഭിനവ് മുകുന്ദ് അവതാരകനായ 'സൂപ്പർ കിംഗ്‌സ്' പോഡ്‌കാസ്റ്റിലാണ് സഞ്ജു തന്‍റെ മനസ്സുതുറന്നത്.

ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് സഞ്ജു നൽകിയ മറുപടി ശ്രദ്ധേയമാണ്. ഇല്ല, എനിക്ക് നേരത്തെ തന്നെ ഒരു ടീമും അവിടെ വ്യക്തമായ സ്ഥാനവും ഉണ്ടായിരുന്നു. അവിടെ നിന്ന് മാറി മറ്റൊരു ടീമിൽ ചേരാനാണ് ഞാൻ ആഗ്രഹിച്ചത്. അത്തരമൊരു ട്രാൻസ്ഫറില്‍ നമുക്ക് ഒരിക്കലും ഉപാധികൾ വെക്കാൻ കഴിയില്ല. സത്യസന്ധമായി പറഞ്ഞാൽ, നമ്മൾ ഒരു പുതിയ വീട്ടിലേക്ക് മാറുമ്പോൾ അവിടെ ഉപാധികളുമായി ചെല്ലരുത് എന്നാണ് ഞാൻ പഠിച്ചിട്ടുള്ളതെന്ന് സഞ്ജു പറഞ്ഞു.
ചെന്നൈക്കൊപ്പം തന്‍റെ കഴിവ് തെളിയിക്കുക എന്നതാണ് പ്രാധാന്യമെന്നും സഞ്ജു കൂട്ടിച്ചേർത്തു. ചെന്നൈ ടീം തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നൂറു ശതമാനം ആത്മാർത്ഥതയോടെ തിരിച്ചു നൽകാൻ താൻ തയ്യാറാണെന്നും സഞ്ജു വ്യക്തമാക്കി. ന്നൈയിലും ദുബായിലുമെല്ലാം ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്നും അവർ അവിടുത്തെ സ്ഥാപനങ്ങളോട് കാണിക്കുന്ന വിശ്വസ്തത പ്രസിദ്ധമാണെന്നും സഞ്ജു ഓർമ്മിപ്പിച്ചു. വിശ്വാസം ഉള്ളതുകൊണ്ടാണ് മലയാളികളെ അവർ തിരഞ്ഞെടുക്കുന്നത്. സിഎസ്കെ എന്നെ വിശ്വസിച്ച് ഇവിടേക്ക് ക്ഷണിച്ചു. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞാൻ എന്‍റെ സർവ്വവും നൽകും-സഞ്ജു പറഞ്ഞു.
നിലവിലെ സിഎസ്കെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനെതിരെ ഉയരുന്ന വിമർശനങ്ങളിലും സഞ്ജു നിലപാട് വ്യക്തമാക്കി. റുതുരാജ് ഒരു വ്യത്യസ്തനായ സൂപ്പർസ്റ്റാർ ആണെന്നും അനാവശ്യ ജാഡകളില്ലാത്ത, അങ്ങേയറ്റം ആത്മവിശ്വാസമുള്ള ക്രിക്കറ്ററാണ് റുതുവെന്നും സഞ്ജു പറഞ്ഞു.റുതുവിന് തന്‍റെ കഴിവിൽ വലിയ വിശ്വാസമുണ്ട്. അതുകൊണ്ടാണ് മൂന്ന് വർഷം മറ്റൊരു ടീമിനെ നയിച്ച എന്നെപ്പോലൊരാളെ തന്‍റെ ടീമിലേക്ക് ക്ഷണിക്കാൻ അദ്ദേഹം തയ്യാറായതെന്നും സഞ്ജു പറഞ്ഞു. സിഎസ്കെ ജേഴ്സിയിൽ മിന്നും ഫോമിലാണ് സഞ്ജു. സിഎസ്കെക്കായി10 ഇന്നിംഗ്‌സുകളിൽ നിന്ന് 402 റണ്‍സടിച്ച സഞ്ജുവാണ് ടീമിന്‍റെ ടോപ് സ്കോറര്‍. സിഎസ്കെക്കായി രണ്ട് സെഞ്ചുറികളും ഒരു പുറത്താകാത്ത 87 റണ്‍സും സഞ്ജു നേടിയിരുന്നു. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി സിഎസ്കെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.Sanju Samson Ask for CSK Captaincy
