മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ പടവുകള്‍ കയറ്റിയ നായകനും താരവുമാണ് എം എസ് ധോണി. എന്നാല്‍ ധോണി ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് വിരമിക്കല്‍ അഭ്യൂഹങ്ങളുടെ പേരിലാണ്. ധോണി വിരമിക്കാറായെന്നും ഇല്ലെന്നുമുള്ള ശക്തമായ വാഗ്‌വാദങ്ങള്‍ നടക്കുന്നു. വിരമിക്കല്‍ തീരുമാനം ധോണിക്ക് വിടണമെന്ന് വാദിക്കുന്നവരുമേറെ. ഇന്ത്യന്‍ കപ്പായത്തില്‍ മഹി യുഗം അവസാനിച്ചാലും ഇല്ലെങ്കിലും ക്രിക്കറ്റ് വിദഗ്ധര്‍ക്കും ആരാധകര്‍ക്കും കണ്ണുംപൂട്ടി പറയാനാവുന്ന ഒരു സത്യം പാര്‍ത്ഥീവ് പട്ടേല്‍ പങ്കുവെക്കുന്നു.

എം എസ് ധോണിക്ക് പകരംവെക്കാന്‍ താരമില്ലെന്നാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ പാര്‍ത്ഥീല് പട്ടേലിന്‍റെ വാക്കുകള്‍. 'ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പറാകാന്‍ ആഗ്രഹിക്കുമ്പോള്‍ 27 വിക്കറ്റ് കീപ്പര്‍മാരുമായാണ് നിങ്ങള്‍ക്ക് മത്സരിക്കേണ്ടിവരിക. അത് അത്ര എളുപ്പമല്ല. എം എസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വിസ്‌മയാവഹമാണ്. ആ നേട്ടങ്ങള്‍ തെളിവുകളായി എല്ലാവര്‍ക്കും മുന്നിലുണ്ട്. എം എസ് ധോണിയുടെ പകരക്കാരനായി വരാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതത്ര എളുപ്പമല്ലെന്നും' പാര്‍ത്ഥീവ് പട്ടേല്‍ പറഞ്ഞു.  

എം എസ് ധോണിയുടെ പകരക്കാരനായി ഋഷഭ് പന്ത്, സഞ്‌ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുമ്പോഴാണ് പാര്‍ത്ഥീവ് മനസുതുറന്നത് എന്നത് ശ്രദ്ധേയമാണ്. ധോണിയുടെ പിന്‍ഗാമിയായി വാഴ്‌ത്തപ്പെടുന്ന ഋഷഭ് പന്തുപോലും നിരാശപ്പെടുത്തുകയാണ്. ധോണിക്ക് മുന്‍പ് അന്താരാഷ്‌ട്രതലത്തില്‍ അരങ്ങേറിയിട്ടും പാര്‍ത്ഥീവ് പോലുള്ള താരങ്ങള്‍ക്ക് ധോണിയുടെ പ്രഭയെ പ്രതിഭ കൊണ്ട് മറികടക്കാനായില്ല. പാര്‍ത്ഥീവ് 2002ലും ധോണി 2004ലുമാണ് ദേശീയ കുപ്പായമണിഞ്ഞത്. 

ഇന്ത്യക്ക് രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന ധോണിയെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളായാണ് വിശേഷിപ്പിക്കുന്നത്. ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ചിരുന്നു എം എസ് ധോണി. ഏകദിനത്തില്‍ 350 മത്സരങ്ങള്‍ കളിച്ച ധോണി 10773 റണ്‍സ് അടിച്ചുകൂട്ടി. ടി20യിലാവട്ടെ 98 മത്സരങ്ങളില്‍ 1617 റണ്‍സും നേടി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ അടുത്തിടെ വര്‍ധിപ്പിച്ചത്.