Asianet News MalayalamAsianet News Malayalam

'പുറത്തുനിന്ന് കാണുന്നത് പോലെയല്ല കാര്യങ്ങള്‍'; വിന്‍ഡീസിനെതിരെ ഇന്ത്യയുടെ വിജയത്തെ കുറിച്ച് രോഹിത് ശര്‍മ

അഞ്ച് പന്തില്‍ 11 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് രോഹിത് പിന്മാറായിയത്. ഒരു ഫോറും ഒരു സിക്‌സും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. അതേസമയം ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് രോഹിത് മടങ്ങിയത്. 

Rohit Sharma on India victory over England and Suryakumar Yadav
Author
Sent Kits, First Published Aug 3, 2022, 9:55 AM IST

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) മൂന്നാം ടി20യില്‍ ഇന്ത്യ ജയിച്ചെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) അത്ര നല്ല ദിവസമായിരുന്നില്ല. മൂന്നാം ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുറം വേദനയെ തുടര്‍ന്ന് രോഹിത് റിട്ടേയര്‍ഡ് ഹര്‍ട്ടായിരുന്നു. അഞ്ച് പന്തില്‍ 11 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് രോഹിത് പിന്മാറായിയത്. ഒരു ഫോറും ഒരു സിക്‌സും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. അതേസമയം ഒരു റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണ് രോഹിത് മടങ്ങിയത്. 

ടി20 ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റോക്കോര്‍ഡാണ് രോഹിത്തിന്റെ പേരിലായത്. 60 സിക്‌സുകളാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോലി (Virat Kohli), എം എസ് ധോണി എന്നിവരെയാണ് കോലി മറികടന്നത്. 59 സിക്‌സുകളാണ് കോലി നേടിയിരുന്നത്. ധോണിയുടെ പോക്കറ്റില്‍ 34 സിക്‌സുകളുണ്ട്. രോഹിത് മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്‌സ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 44 പന്തില്‍ 76 റണ്‍സാണ് സൂര്യ നേടിയത്. 

മത്സരശേഷം സൂര്യയുടെ (Suryakumar Yadav) ഇന്നിംഗ്‌സിനേയും വിജയത്തെ കുറിച്ചും രോഹിത് സംസാരിച്ചു. ''സൂര്യകുമാര്‍ യാദവ് മനോഹരമായി ബാറ്റ് ചെയ്തു. ശ്രേയസ് അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സൂര്യയ്ക്ക് സാധിച്ചു. ബൗളര്‍മാരെ സഹായിക്കുന്ന പിച്ചാണ് സെന്റ് കിറ്റ്‌സിലേത്. റണ്‍സ് പിന്തുടരുക എളുപ്പമല്ലായിരുന്നു. ശരിയായ ഷോട്ടുകള്‍ തിരഞ്ഞെടുത്ത് കളിക്കണമായിരുന്നു. സാഹചര്യം നന്നായി ഉപയോഗിക്കാന്‍ ടീമിന് സാധിച്ചു. പുറത്തുനിന്ന് കാണുന്നവര്‍ എത്രത്തോളം ബുദ്ധിട്ടിയാണ് കളിക്കുന്നതെന്ന് മനസിലാവില്ല. മധ്യനിര ശാന്തതയോടെ കളിച്ചു.'' രോഹിത് പറഞ്ഞു. 

മൂന്നാം ടി20യിലും നിരാശപ്പെടുത്തി! ഇനിയും അവനെന്തിന്? സഞ്ജുവിനെ വിളിക്കൂ, ശ്രേയസിനെ ട്രോളി ആരാധകര്‍

തന്റെ പരിക്കിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''നിലവില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. അടുത്ത മത്സരത്തിനിടെ വിശ്രമിക്കാന്‍ ഒരുപാട് സമയമുണ്ട്. പരിക്കില്‍ നിന്ന് പൂര്‍ണ മോചിതനാവുമെന്ന് കരുതുന്നു.'' രോഹിത് പറഞ്ഞുനിര്‍ത്തി.

മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്റെ (73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ  ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്.

കോലിക്ക് ആവശ്യത്തിന് വിശ്രമമായി, ഇനി എല്ലാ മത്സരത്തിലും കളിപ്പിക്കണമെന്ന് മഞ്ജരേക്കര്‍

രോഹിത് മടങ്ങിയ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് സൂര്യകുമാര്‍ വിജയസഖ്യം ഉണ്ടാക്കി. ഇന്ത്യയെ നൂറുകടത്തിയ ഈ സഖ്യം പിരിഞ്ഞത് 105 റണ്‍സിലായിരുന്നു. 27 പന്തില്‍ 24 റണ്‍സുമായി സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കാനായിരുന്നു ശ്രേയസിന്റെ നിയോഗം. പിന്നാലെ സൂര്യകുമാര്‍ മടങ്ങുമ്പോഴേക്കും ഇന്ത്യ വിജയത്തിനടുത്തെത്തിയിരുന്നു. 26 പന്തില്‍ 33 റണ്‍സുമായി പന്ത് പുറത്താവാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക് പാണ്ഡ്യയാണ് (4) പുറത്തായ മറ്റൊരു താരം. ദീപക് ഹൂഡ (10) പുറത്താവാതെ നിന്നു.

Follow Us:
Download App:
  • android
  • ios