ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പറായോ മധ്യനിര ബാറ്ററായോ സഞ്ജു ഇടംപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കൊച്ചി: ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്താന്‍ സ്വാഭാവികമായും ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുമെത്തും. സാഹചര്യങ്ങളെല്ലാം ശരിയായാല്‍ ലോകകപ്പ് ടീമിലും സഞ്ജുവെത്തും. എന്നാല്‍ ലോകകപ്പിന് മുമ്പെ താരമായിരിക്കുകയാണ് സഞ്ജു. ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂര്‍ കേരളത്തിയപ്പോള്‍ സഞ്ജുവിന്റെ ചിത്രമുള്ള മുഖംമൂടികള്‍ അണിഞ്ഞാണ് വിദ്യാര്‍ഥികള്‍ വിശ്വ കിരീടത്തെ വരവേറ്റത്.
ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സഞ്ജുവിന് ലഭിക്കുന്ന ആരാധക പിന്തുണ വെളിവാക്കുന്നത് കൂടിയാണ് ചിത്രം. ഇന്ത്യന്‍ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് ഇക്കാര്യം ട്വിറ്ററില്‍ പറയുകയും ചെയ്തു. മതിയായ സൂചനയാണിത്, ഇതിനേക്കാള്‍ കൂടുതല്‍ എന്താണ് വേണ്ടതെന്നുള്ള അര്‍ത്ഥത്തിലാണ് കാര്‍ത്തിക് ചോദ്യം ചോദിച്ചിരിക്കുന്നത്. കൂടെ സഞ്ജുവിനെ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. സഞ്ജു, എന്താണിതെന്നും കാര്‍ത്തിക് ചോദിക്കുന്നു. ട്വീറ്റ് വായിക്കാം...
ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പറായോ മധ്യനിര ബാറ്ററായോ സഞ്ജു ഇടംപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന, ടി20 സ്‌ക്വാഡുകളില്‍ അംഗമാണ് സഞ്ജു സാംസണ്‍. ഒക്ടോബര്‍ 5ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്.
ഒക്ടോബര്‍ എട്ടിന് ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് എന്നിവിടങ്ങളിയാണ് സെമിഫൈനല്‍ മത്സരങ്ങള്‍. ഉദ്ഘാടന മത്സരത്തിന് പുറമെ ഫൈനലിനും വേദിയാവുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സന്നാഹമത്സരങ്ങള്‍ക്ക് വേദിയാവും.
