ലഞ്ചിന് മുമ്പ് ഗില്ലിന് പിന്നാലെ കരുണ്‍ നായരും പുറത്തായതോടെയാണ് റിഷഭ് പന്തിന് കരുതലോടെ കളിക്കാനുള്ള സന്ദേശം ഗൗതം ഗംഭീര്‍ നല്‍കിയത്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന റിഷഭ് പന്ത് പുറത്താവാന്‍ കാരണമായത് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്‍റെ ഉപദേശമെന്ന് തുറന്നു പറഞ്ഞ് മുന്‍ താരം ദിനേശ് കാര്‍ത്തിക്. മത്സരത്തില്‍ ജോഷ് ടങിന്‍റെ പന്ത് പ്രിതരോധിക്കാന്‍ ശ്രമിച്ചാണ് റിഷഭ് പന്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത്. അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചതിനെതിരെ പന്ത് റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. അതിന് മുമ്പ് ആക്രമിച്ചു കളിച്ച പന്തിനോട് കോച്ച് ഗൗതം ഗംഭീര്‍ കരുതലോടെ കളിക്കാന്‍ ആവശ്യപ്പെട്ടതാണ് വിക്കറ്റ് നഷ്ടമാവാന്‍ കാരണമായതെന്ന് ദിനേശ് കാര്‍ത്തിക് സ്കൈ സ്പോര്‍ട്സ് കമന്‍ററിയില്‍ വ്യക്തമാക്കി.

ലഞ്ചിന് മുമ്പ് ഗില്ലിന് പിന്നാലെ കരുണ്‍ നായരും പുറത്തായതോടെയാണ് റിഷഭ് പന്തിന് കരുതലോടെ കളിക്കാനുള്ള സന്ദേശം ഗൗതം ഗംഭീര്‍ നല്‍കിയത്. ഇതോടെ തന്‍റെ സ്വതസിദ്ധമായ ആക്രമണശൈലി മാറ്റിവെച്ച് റിഷഭ് പന്ത് കരുതലോടെ പ്രതിരോധിക്കാന്‍ തുടങ്ങി. ഇതാണ് വിക്കറ്റ് വീഴ്ച്ചയില്‍ കലാശിച്ചത്. കരുതലോടെ കളിക്കാനുള്ള ഉപദേശം ചില കളിക്കാരുടെ കാര്യത്തില്‍ ശരിയാകില്ല.

Scroll to load tweet…

അതുപോലെ നല്‍കുന്ന സന്ദേശത്തിന്‍റെ ടോണും ഭാഷയും എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വളരെ പ്രധാനമാണ്. ഉപയോഗിക്കുന്ന ഭാഷ ചിലപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്നതായിരിക്കും. റിഷഭ് പന്തിന്‍റെ കാര്യത്തില്‍ ഗൗതം ഗംഭീര്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടിവരുമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ മാത്രമെ അവനില്‍ നിന്ന് മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനാകുവെന്നും കാര്‍ത്തിക് പറഞ്ഞു.

രണ്ടാം ദിനം റഷഭ് പന്തിന്‍റെ സെഞ്ചുറി കരുത്തില്‍ 430-3 എന്ന മികച്ച നിലയിലെത്തിയ ഇന്ത്യ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 471 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സിക്സറടിച്ച് സെഞ്ചുറി തികച്ച റിഷഭ് പന്ത് സെഞ്ചുറിക്ക് ശേഷവും സിക്സറുകള്‍ പറത്തിയെങ്കിലും ഗില്ലും കരുണും പുറത്തായതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞിരുന്നു. 178 പന്തില്‍ 12 ഫോറും ആറ് സിക്സും പറത്തിയാണ് പന്ത് 134 റൺസടിച്ചത്.