ചെന്നൈ: തന്നെ പുറത്താക്കാന്‍ ടീമിനകത്ത് നടന്ന ഗൂഢാലോചനകളെക്കുറിച്ച് മനസുതുറന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ ദീര്‍ഘ അഭിമുഖത്തിലാണ് ശ്രീശാന്ത് 2009ലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമില്‍ നിന്ന് പുറത്താവാനുള്ള കാരണം വ്യക്തമാക്കുന്നത്.

തമിഴ്‌നാടുമായുള്ള കേരളത്തിന്റെ സുബ്ബയ്യ പിള്ള ട്രോഫി മത്സരത്തിനിടെ നടന്ന സംഭവമാണ് തന്നെ ചാമ്പ്യന്‍സ് ട്രോഫി സാധ്യതാ ടീമില്‍ നിന്ന് പുറത്താക്കിയതെന്ന് ശ്രീശാന്ത് പറയുന്നു. അതിന് കാരണക്കാരനായത് ദീനേശ് കാര്‍ത്തിക്കാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ദിനേശ് കാര്‍ത്തിക്ക് ബാറ്റ്  ചെയ്യുമ്പോള്‍ ഓരോ പന്തിനിടയ്ക്കും ഓരുപാട് സമയം പാഴാക്കുന്നത് ഞാന്‍ കണ്ടു. അന്ന് കാര്‍ത്തിക് ശ്രീ ശ്രീ രവിശങ്കറിന്റെ ശ്വസന പ്രക്രിയ പിന്തുടരുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓരോ പന്തിനിടയ്ക്കും ദീര്‍ഘശ്വാസമെടുത്ത് കുറേസമയം പാഴാക്കിക്കൊണ്ടിരുന്നു. പോയന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഞാന്‍ കാര്‍ത്തിക്കിനോട് ശ്വാസം എടുത്ത് സമയം കളയാതെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ പറഞ്ഞു, നീ ഭയങ്കര ഭാഗ്യവാനാടാ, നീ തമിഴ്‌നാട്ടുകാരനല്ലേ, അപ്പോള്‍ കാര്‍ത്തിക്ക് എന്നെ നോക്കി മിണ്ടരുതെന്ന് ആംഗ്യം കാട്ടി. വീണ്ടും കാര്‍ത്തിക് ഇതു തന്നെ ആവര്‍ത്തിച്ചു. അമ്പയര്‍മാരാകാട്ടെ ഇതിലൊന്നും ഇടപെട്ടതേയില്ല. സച്ചിന്‍ ബേബിയായിരുന്നു അന്ന് കേരളത്തിന്റെ ക്യാപ്റ്റന്‍. സമയം പാഴാക്കിയാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന് സച്ചിന്‍ ബേബിക്ക് പിഴശിക്ഷ ലഭിക്കുമെന്നതിനാല്‍ ഞാന്‍ കാര്‍ത്തിക്കിനോട് പറഞ്ഞു, ശ്രീനിവാസന്റെ പിന്തുണയുണ്ടല്ലോ നിനക്ക്, അപ്പോ ഇതൊക്കെ ചെയ്യാം എന്ന്.

പിന്നീട് ഞാന്‍ ലെഗ് സ്പിന്‍ എറിഞ്ഞ് കാര്‍ത്തിക്കിനെ പുറത്താക്കി. ഡ്രസ്സിംഗ് റൂമിലേക്ക് തിരികെ നടക്കുമ്പോള്‍ കാര്‍ത്തിക്കിനോട് ഞാന്‍ പറഞ്ഞു, ശ്വാസമെടുത്ത്, ശ്വാസമെടുത്ത് പോ എന്ന്. എന്നാല്‍ ഇക്കാര്യം ഞാന്‍ ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസനെ അപമാനിച്ചു എന്ന രീതിയില്‍ കാര്‍ത്തിക് പരാതിയായി നല്‍കി. ഇതോടെ അന്ന് വൈകിട്ട് പ്രഖ്യാപിച്ച ചാമ്പ്യന്‍സ് ട്രോഫി സാധ്യതാ ടീമില്‍ നിന്ന് ഞാന്‍ പുറത്തായി.

ഞാനും ശ്രീനിവാസന്‍ സാറും ഗുരുവായൂരപ്പന്റെ കടുത്ത ഭക്തരാണ്. മാത്രമല്ല 2009ല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നപ്പോള്‍ എനിക്ക് കൗണ്ടിയില്‍ കളിക്കാന്‍ പ്രത്യേക അനുമതി തന്നതും സാറാണ്. പിന്നെന്തിനാണ് ഞാന്‍ അദ്ദേഹത്തെ അപമാനിക്കുന്നത്.  കാര്‍ത്തിക് നിങ്ങളിത് ഇപ്പോള്‍ വായിക്കുന്നുവെങ്കില്‍ പറയട്ടെ അന്ന് നിങ്ങള്‍ എന്നോടും എന്റെ കുടുംബത്തോടും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്. ഇക്കാര്യങ്ങളെല്ലാം അടുത്തവര്‍ഷം പുറത്തിറങ്ങുന്ന തന്റെ ആത്മകഥയിലുണ്ടാകുമെന്നും ശ്രീശാന്ത് പറഞ്ഞു.