ഞാന്‍ എന്തിനും തയ്യാര്‍, എല്ലാം അവരുടെ കയ്യില്‍! ടി20 ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് കാര്‍ത്തിക്
ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ വെറ്ററന്‍ താരം ആര്‍സിബിയുടെ ദിനേശ് കാര്‍ത്തിക്കും സെക്റ്റര്‍മാരടെ മനം കവര്‍ന്നു. താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന് വാദിക്കുന്നവരുണ്ട്.
മുംബൈ: ടി20 ലോകകപ്പില്‍ ആര് വിക്കറ്റ് കീപ്പറാവണമെന്നുള്ള കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഐപിഎല്ലിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് യുവതാരങ്ങള്‍ക്കിടയില്‍ കടുത്ത മത്സരവും നടക്കുന്നുണ്ട്. റണ്‍വേട്ടയില്‍ മുന്നിലുള്ള രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും പഞ്ചാബ് കിംഗ്‌സ് വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയുമെല്ലാം ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സ്വപ്നം കാണുന്നവരാണ്. ഇവര്‍ക്കെല്ലാം പുറമെ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിനെയും വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിക്കുന്നുണ്ട്.
ഇതിനിടെ ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ വെറ്ററന്‍ താരം ആര്‍സിബിയുടെ ദിനേശ് കാര്‍ത്തിക്കും സെക്റ്റര്‍മാരടെ മനം കവര്‍ന്നു. താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന് വാദിക്കുന്നവരുണ്ട്. ഇപ്പോള്‍ ലോകകപ്പില്‍ കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് കാര്‍ത്തിക്. അദ്ദേം വിശദീകരിക്കുന്നതിങ്ങനെ... ''എന്റെ ജീവിതത്തിലെ ഈ ഘട്ടത്തില്‍, ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എനിക്ക് ഏറ്റവും വലിയ കാര്യമാണ്. എനിക്ക് ലോകകപ്പ് കളിക്കാന്‍ വളരെയേറെ താല്‍പ്പര്യമുണ്ട്. ഈ ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനേക്കാള്‍ വലുതായി എന്റെ ജീവിതത്തില്‍ മറ്റൊന്നില്ല. എന്നാാല്‍ ആരെ കളിപ്പിക്കണെന്ന് തീരുമാനിക്കുന്നത് ഞാനല്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ തീരുമാനിക്കട്ടെ. അവര്‍ എടുക്കുന്ന ഏത് തീരുമാനത്തെയും ഞാന്‍ മാനിക്കുന്നു. ഞാന്‍ 100% തയ്യാറാണ്, ടി20 ലോകകപ്പില്‍ ഉള്‍പ്പെടാന്‍ ഞാന്‍ കഴിയുന്നതെല്ലാം ചെയ്യും.'' കാര്‍ത്തിക് പറഞ്ഞു.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 287 റണ്‍സ് പിന്തുടരുന്നതിനിടെ 35 പന്തില്‍ 83 റണ്‍സുമായി കാര്‍ത്തിക് തിളങ്ങിയിരുന്നു. 205.45 സ്ട്രൈക്ക് റേറ്റില്‍ 226 റണ്‍സാണ് കാര്‍ത്തിക് ഇതുവരെ നേടിയത്. 2022 ടി20 ലോകകപ്പ് ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് കാര്‍ത്തിക് അവസാനമായി ഇന്ത്യക്കായി കളിച്ചത്. എന്നാല്‍ 4 മത്സരങ്ങളില്‍ നിന്ന് 14 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. അടുത്തിടെ ഐപിഎല്ലിന് ശേഷം കരിയര്‍ അവസാനിപ്പിക്കുമെന്ന് കാര്‍ത്തിക് പറഞ്ഞിരുന്നു.