ചെന്നൈ: കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍‍ഡിനെതിരെ അഞ്ചാം നമ്പരില്‍ ബാറ്റിംഗിനിറങ്ങാന്‍ ആവശ്യപ്പെട്ടത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ദിനേശ് കാര്‍ത്തിക്ക്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തിലെ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരെ നഷ്ടമായി പതറിയപ്പോഴാണ് കാര്‍ത്തിക്ക് ക്രീസിലെത്തിയത്. ധോണിയാവും അഞ്ചാം നമ്പറില്‍ എത്തുക എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കാര്‍ത്തിക്കിനെ അഞ്ചാമനായി ഇറക്കാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. ഈ തീരുമാനമാണ് സെമിയിലെ തോല്‍വിയില്‍ നിര്‍ണായകമായതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

കെ എല്‍ രാഹുല്‍ പുറത്തായപ്പോള്‍ എന്നോട് ബാറ്റിംഗിന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത് ശരിക്കും അത്ഭുതപ്പെടുത്തി. കാരണം ടീം മാനേജ്മെന്റ് എന്നോട് വ്യക്തമായി പറഞ്ഞിരുന്നു ഏഴാം നമ്പറിലാവും ഞാന്‍ ബാറ്റിംഗിന് ഇറങ്ങേണ്ടിവരികയെന്ന്. അതുകൊണ്ടുതന്നെ ഷോര്‍ട്ട്സ് എല്ലാം ധരിച്ചിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ തുടക്കത്തിലെ വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ എന്നോട് തയാറായി ഇരിക്കാന്‍ പറഞ്ഞു. തീരുമാനങ്ങളെല്ലാം ഞൊടിയിടയിലായിരുന്നു. ആ സമയം രാഹുല്‍ പുറത്താവുമെന്ന് പ്രതീക്ഷിക്കാത്തതിനാല്‍ പാഡ് ചെയ്യാന്‍ വൈകിയ ഞാന്‍ അല്‍പം താമസിച്ചാണ് ക്രീസിലെത്തിയത്.

Also Read: ധോണിക്കല്ല എന്റെ വോട്ട്; ഏറ്റവും മികച്ച നായകനെ തിരിഞ്ഞെടുത്ത് ഗൗതം ഗംഭീര്‍

മൂന്നാമത്തെ ഓവറിലാണ് ഞാന്‍ ക്രീസിലെത്തിയത്. എത്രാമത്തെ ഓവറിലാണ് പുറത്തായതെന്ന് ഓര്‍ക്കുന്നില്ല. അതിന് വലിയ പ്രധാന്യമില്ല്ലല്ലോ.എങ്കിലും ബോള്‍ട്ടിന്റെ സ്പെല്‍ കഴിയുന്നതുവരെ പിടിച്ചു നിന്ന് വിക്കറ്റ് വീഴ്ച തടയാനായി എന്നാണ്‍ ഞാന്‍ വിശ്വസിക്കുന്നത്. ബോള്‍ട്ടിന്റെ ഓവറിനുശേഷം റണ്‍സടിക്കാന്‍ തുടങ്ങിയപ്പോഴേക്കും ജിമ്മി നീഷാമിന്റെ മനോഹരമായ ക്യാച്ചില്‍ ഞാന്‍ പുറത്താവുകയും ചെയ്തു.

Also Read:ധോണിയെ മികച്ച ക്യാപ്റ്റനാക്കിയത് കുംബ്ലെ; മുന്‍  ഇന്ത്യന്‍ സെലക്റ്ററുടെ തുറന്നുപറച്ചില്‍

92/6ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് അവിശ്വസനീയ ജയത്തിലേക്ക് നയിക്കുമെന്ന് കരുതിയിരിക്കെയാണ് ജഡേജയെ മടക്കി ബോള്‍ട്ട് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തത്. ജഡേജക്ക് പിന്നാലെ ധോണി റണ്ണൗട്ടാവുക കൂടി ചെയ്തതോടെ 18 റണ്‍സിന്റെ തോല്‍വി വഴങ്ങി ഇന്ത്യ ലോകകപ്പില്‍ നിന്ന് പുത്താവുകയും ചെയ്തു.