ജയ്‌സ്വാള്‍, ഗില്ലിന്റെ ബാക്കപ്പ്! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ ടീം ഘടനയെ കുറിച്ച് ദിനേശ് കാര്‍ത്തിക്
ശുഭ്മാന്‍ ഗില്‍ ഓപ്പണറാവുമെന്നും യശസ്വി ജയ്‌സ്വാള്‍ ബാക്കപ്പായി ടീമിലുണ്ടാവുമെന്നാണ് കാര്‍ത്തിക് പറയുന്നത്.
ചെന്നൈ: ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. ടീം കോംപിനേഷന്‍ പരീക്ഷിക്കാന്‍ സെലക്ടര്‍മാര്‍ക്കും ടീം മാനേജ്മെന്റിനും അധിക സമയമില്ല. 2023 ഏകദിന ലോകകപ്പ് കളിക്കാരില്‍ മിക്കവരും ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിലുണ്ടാവുമെന്നാണ് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ടെസ്റ്റുകളിലും ടി20 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത യശസ്വി ജയ്സ്വാള്‍ ടീമിലുണ്ടാവുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്.
ഇക്കാര്യത്തില്‍ അഭിപ്രായം പറയുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. അദ്ദേഹം പറയുന്നത് ശുഭ്മാന്‍ ഗില്‍ ഓപ്പണറാവുമെന്നും യശസ്വി ജയ്‌സ്വാള്‍ ബാക്കപ്പായി ടീമിലുണ്ടാവുമെന്നാണ്. കാര്‍ത്തികിന്റെ വാക്കുകള്‍... ''രോഹിതും ശുഭ്മാനും വളരെ നല്ല കൂട്ടുകെട്ടാണ്. ജയ്സ്വാള്‍ ബാക്ക് അപ്പ് ആവാനാണ് സാധ്യത. ഗില്‍ പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ഉടന്‍ തന്നെ അദ്ദേഹത്തിന് അവസരം ലഭിക്കും. ഇന്ത്യയ്ക്ക് വളരെ മികച്ച മധ്യനിരയുണ്ട്. ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്ക് മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. അവിടേയും ഗില്‍-രോഹിത് സഖ്യം തുടരണം.'' കാര്‍ത്തിക് പറഞ്ഞു.
2023 ഏകദിന ലോകകപ്പില്‍ രോഹിത്തിനൊപ്പം ഗില്ലാണ് ഓപ്പണ്‍ ചെയ്തത്. അവിടെ ഇന്ത്യ റണ്ണറപ്പായിരുന്നു. 354 റണ്‍സ് ഗില്‍ നേടി. അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയിലേക്ക് ഗില്ലിനെ ഉയര്‍ത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. സിംബാബ്വെയില്‍ ഇന്ത്യയെ ടി20 പരമ്പര വിജയത്തിലേക്ക് നയിക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റതിന് ശേഷം അടുത്തിടെ വൈസ് ക്യാപ്റ്റന്‍സി റോളിലേക്ക് ഉയര്‍ത്തപ്പെട്ടു. കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ പിന്തള്ളിയാണ് ഗില്‍ വൈസ് ക്യാപ്റ്റനാകുന്നത്.