ലോകകപ്പ് ടീമില്‍ ഇടംപിടിച്ച ദിനേശ് കാര്‍ത്തിക്കിനെ അഭിനന്ദിച്ചുള്ള ആര്‍സിബിയുടെ ട്വീറ്റിന് താരത്തിന്‍റെ മറുപടി ഇങ്ങനെ
ബെംഗളൂരു: 2007ലെ പ്രഥമ ട്വന്‍റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരമാണ് ദിനേശ് കാര്‍ത്തിക്. ഒന്നര പതിറ്റാണ്ടിന് ഇപ്പുറം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ ആരാധകരുടെ ഡികെ മടങ്ങിയെത്തിയിരിക്കുകയാണ്. സ്വപ്‌ന സാക്ഷാല്‍ക്കാരം എന്ന് ദിനേശ് കാര്‍ത്തിക് തന്നെ വിശേഷിപ്പിക്കുന്ന തിരിച്ചുവരവാണിത്. ടി20 ലോകകപ്പ് ടീമിലേക്കുള്ള തിരിച്ചുവരവിന് ഡികെ കടപ്പെട്ടിരിക്കുന്നത് ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടും ഇന്ത്യന്‍ ടീമിനായി കളിക്കുമ്പോള്‍ പോലും ആര്‍പ്പുവിളിക്കുന്ന ആര്‍സിബി ആരാധകരോടുമാണ്.
ലോകകപ്പ് ടീമില്‍ ഇടംപിടിച്ച ദിനേശ് കാര്‍ത്തിക്കിനെ അഭിനന്ദിച്ചുള്ള ആര്‍സിബിയുടെ ട്വീറ്റിന് താരത്തിന്‍റെ മറുപടി ഇങ്ങനെ. 'എന്‍റെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായ ആര്‍സിബിക്ക് നന്ദി. ഇന്ത്യന്‍ ടീമിനായി നീല ജേഴ്‌സിയില്‍ കളിക്കുമ്പോള്‍ പോലും ആര്‍സിബി, ആര്‍സിബി എന്ന് ആര്‍ത്തുവിളിക്കുന്ന ആര്‍സിബി ആരാധകര്‍ക്കും നന്ദി. നിങ്ങളെ ഇഷ്‌ടപ്പെടുന്നു. മലോലന്‍ രംഗരാജന്‍(സ്കൗട്ടിംഗ് ആന്‍ഡ് ഫീല്‍ഡിംഗ് കോച്ച്), മൈക്ക് ഹെസ്സന്‍(ഡയറക്‌ടര്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ്), സഞ്ജയ് ബാംഗര്‍(പരിശീലകന്‍), ബസു, എസ് ശ്രീറാം എന്നിവര്‍ക്കും നന്ദി'- ഡികെ കുറിച്ചു. സവിശേഷ താരത്തിന്‍റെ പ്രത്യേക തിരിച്ചുവരവ് എന്നാണ് ദിനേശ് കാര്‍ത്തിക്കിന്‍റെ ലോകകപ്പ് ടീമിലെ ഇടത്തെ ആര്‍സിബി വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം കമന്‍റേറ്ററുടെ റോളില്‍ പ്രത്യക്ഷപ്പെട്ട ദിനേശ് കാര്‍ത്തിക് ഐപിഎല്‍ പതിനഞ്ചാം സീസണിലെ മികവിലൂടെയാണ് വീണ്ടും ഇന്ത്യന്‍ ടീമിലേക്കെത്തിയത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 16 കളിയില്‍ 55 ശരാശരിയിലും 183.33 സ്ട്രൈക്ക് റേറ്റിലും 330 റണ്‍സ് നേടിയിരുന്നു. പുറത്താകാതെ നേടിയ 66 ആണ് ഉയര്‍ന്ന സ്കോര്‍. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും ഏഷ്യാ കപ്പിലും ഡികെയ്ക്ക് അവസരം ലഭിച്ചു. ഐപിഎല്ലില്‍ മികച്ച ഫിനിഷറെന്ന് പേരെടുത്തതാണ് ടി20 ലോകകപ്പ് ടീമിലേക്കും താരത്തിന് വഴി തുറന്നത്.
ദിനേശ് കാര്‍ത്തികിന് സ്വപ്‌നസാക്ഷാത്കാരം; സന്തോഷം പങ്കുവച്ച് താരം, ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം
