Asianet News MalayalamAsianet News Malayalam

വേണോ ഇങ്ങനെയൊരു ഫിനിഷര്‍; കട്ട ആരാധകരെ പോലും നാണംകെടുത്തും ഡികെയുടെ കണക്കുകള്‍

ഒട്ടും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല ദിനേശ് കാര്‍ത്തിക് ഇപ്പോള്‍ കാഴ്‌ചവെക്കുന്നത്. എന്നാല്‍ ഡികെയുടെ കഴിവില്‍ ടീം മാനേജ്‌മെന്‍റിന് വിശ്വാസമേറെ. 

Dinesh Karthik scores in 15 T20I innings in 2022 big concern for team India before T20 World Cup 2022
Author
First Published Sep 22, 2022, 10:40 AM IST

നാഗ്‌പൂര്‍: ഐപിഎല്ലില്‍ ഫിനിഷറുടെ റോളിലിറങ്ങി 16 കളിയില്‍ 55 ശരാശരിയിലും 183.33 സ്ട്രൈക്ക് റേറ്റിലും 330 റണ്‍സ്. ആരും മോഹിക്കുന്ന സ്വപ്‌ന നേട്ടമായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ദിനേശ് കാര്‍ത്തിക് കഴിഞ്ഞ സീസണില്‍ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവും നടത്തിയതോടെ ഡികെയില്‍ ഒരു എംഎസ്‌ഡിയെ കണ്ടവരുണ്ട്. എന്നാല്‍ ഇന്ത്യന്‍ കുപ്പായത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഫിനിഷിംഗ് മികവ് പിഴയ്ക്കുന്ന കാര്‍ത്തിക്കിനെയാണ് ആരാധകര്‍ കണ്ടത്. ഇതോടെ ടി20 ലോകകപ്പില്‍ ഡികെയ്‌ക്ക് എന്ത് ചെയ്യാനാകും എന്ന ചോദ്യം വായുവില്‍ സജീവം. 

ഒട്ടും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല ദിനേശ് കാര്‍ത്തിക് ഇപ്പോള്‍ കാഴ്‌ചവെക്കുന്നത്. എന്നാല്‍ ഡികെയുടെ കഴിവില്‍ ടീം മാനേജ്‌മെന്‍റിന് വിശ്വാസമേറെ എന്ന് അദ്ദേഹത്തിന് തുടര്‍ച്ചയായി ലഭിക്കുന്ന അവസരങ്ങള്‍ വ്യക്തമാക്കുന്നു. 2 പന്തില്‍ 1*, 21 പന്തില്‍ 30*, 8 പന്തില്‍ 6, 27 പന്തില്‍ 55, 4 പന്തില്‍ 5*, 1 പന്തില്‍ 0, 7 പന്തില്‍ 11, 17 പന്തില്‍ 12, 7 പന്തില്‍ 6, 19 പന്തില്‍ 41*, 13 പന്തില്‍ 7, 9 പന്തില്‍ 6, 9 പന്തില്‍ 12, 1 പന്തില്‍ 1*, 5 പന്തില്‍ 6 എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ 15 രാജ്യാന്തര ടി20 ഇന്നിംഗ്‌സുകളില്‍ ഡികെയുടെ സ്കോറുകള്‍. അവസാന അഞ്ച് മത്സരങ്ങളിലും ദിനേശ് കാര്‍ത്തിക്കിന് തിളങ്ങാനായില്ല. ഇതില്‍ ഒരു മത്സരത്തില്‍ സ്ട്രൈക്ക് റേറ്റ് 66.6 മാത്രമായിരുന്നു. ഓസീസിനെതിരെ കഴിഞ്ഞ ടി20യില്‍ 5 പന്തില്‍ 6 റണ്‍സ് മാത്രമായിരുന്നു നേട്ടം. 

റിഷഭോ ഡികെയോ? 

ദിനേശ് കാര്‍ത്തിക്കിന് പുറമെ റിഷഭ് പന്താണ് ഇന്ത്യയുടെ ടി20 സ്‌ക്വാഡിലുള്ള സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍. രാജ്യാന്തര ടി20യില്‍ റിഷഭിന്‍റെ പ്രകടനവും വലിയ വിമര്‍ശനം നേരിടുകയാണ് എന്നതാണ് ഡികെയ്‌ക്കുള്ള ഏക മുന്‍തൂക്കം. ഈ വര്‍ഷം 16 രാജ്യാന്തര ടി20 ഇന്നിംഗ്‌സുകളില്‍ 25.91 ശരാശരിയിലും 133.47 സ്ട്രൈക്ക് റേറ്റിലും 311 റണ്‍സാണ് റിഷഭിന്‍റെ സമ്പാദ്യം. ബാറ്റിംഗ് ഓര്‍ഡറില്‍ ദിനേശ് കാര്‍ത്തിക്കിനേക്കാള്‍ നേരത്തെ ഇറങ്ങിയിട്ടും റിഷഭിന് തിളങ്ങാനാവുന്നില്ല. എന്നാല്‍ ഇടംകൈയന്‍, ഏത് പൊസിഷനിലും കളിപ്പിക്കാം എന്നീ രണ്ട് കാരണങ്ങള്‍ റിഷഭിന് അനുകൂലമാണ്. ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് എന്നവരിലാരെ കളിപ്പിക്കണം എന്നത് ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വലിയ തലവേദനയാവും. ലോകകപ്പ് വരെയെങ്കിലും ഡികെയ്ക്ക് അവസരം നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.  

ദിനേശ് കാര്‍ത്തിക്കിന്‍റെ റോള്‍ എന്ത്? ടീം ഇന്ത്യയുടെ തന്ത്രത്തിനെതിരെ മാത്യൂ ഹെയ്‌ഡന്‍

Follow Us:
Download App:
  • android
  • ios