ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ബംഗാളിനെതിരെ തമിഴ്‌നാടിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിന്റെയും ഷാരൂഖ് ഖാന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തപ്പോള്‍ ഷഹബാസ് അഹമ്മസ് സെഞ്ചുറി നേടിയിട്ടും ബംഗാള്‍ 74 റണ്‍സിന്റെ തോല്‍വി വഴങ്ങി. സ്കോര്‍ തമിഴ്‌നാട് 50 ഓവറില്‍ 286/7, ബംഗാള്‍ 45.3 ഓവറില്‍ 212ന് ഓള്‍ ഔട്ട്.

123/5 എന്ന നിലയില്‍ തകര്‍ന്ന തമിഴ്നാടിന് ആറാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിന്റെയും(62 പന്തില്‍ 97) ഷാരൂഖ് ഖാന്റെയും(45 പന്തില്‍ 69 നോട്ടൗട്ട്) വെടിക്കെട്ട് ഇന്നിംഗ്സുകളാണ് കരുത്തായത്. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ 41 റണ്‍സടിച്ചു.

മറുപടി ബാറ്റിംഗില്‍ 21/5ലേക്ക് കൂപ്പുകുത്തിയ ബംഗാളിനെ ഷബബാസ് അഹമ്മദ്(107) കരകയറ്റാന്‍ ശ്രമിച്ചെങ്കിലും അനുസ്തുപ് മജുംദാര്‍(36) ഒഴികെ മറ്റാരും പിന്തുണച്ചില്ല. അമാബ് നന്ദി(14) ആണ് ബംഗാള്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാന്‍.