ചെന്നൈ: ഈ ഐപിഎല്‍ സീസണിലാണ് ഹര്‍ഭജന്‍ സിംഗ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലായിരുന്നു ഹര്‍ഭജന്‍. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് താരം ഐപിഎല്ലില്‍ നിന്ന് പിന്മാറി. ഇത്തവണ മികച്ച പ്രകടനം ഉറപ്പുതരുന്നുണ്ട് ഹര്‍ഭജന്‍. അതിനുള്ള ശ്രമത്തിലാണ് ഹര്‍ഭജനെന്നാണ് കൊല്‍ക്കത്ത മുന്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് പറയുന്നത്. 

ആദ്യം പരിശീലനത്തിനെത്തുന്നത് ഹര്‍ഭജനെന്നാണ് കാര്‍ത്തിക് പറയുന്നത്. ''അദ്ദേഹത്തിന്റെ പന്തുകല്‍ നേരിടുക എളുപ്പമല്ല. കാരണം അത്രത്തോളം പരിചയസമ്പത്തുണ്ട് അദ്ദേഹത്തിന്. കഴിഞ്ഞ ഒരു ആഴ്ച്ചയോളം ഹര്‍ഭജന്‍ പുറത്തെടുക്കുന്ന പരിശ്രമം അഭിനന്ദിക്കാതെ വയ്യ. പരിശീലനത്തിന് വളരെ നേരത്തെ ഹര്‍ഭജന്‍ തയ്യാറായിരിക്കും. മറ്റുതാരങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെ ഹര്‍ഭജനെത്തും. ഒന്നോ രണ്ടോ ദിവസമല്ല, എല്ലാ ദിവസങ്ങളിലും ഇതുതന്നെ താരം ചെയ്യുന്നത്. 

പരിശീലന മത്സരം ഏഴ് മണിക്കാണ് ആരംഭിക്കുക. എന്നാല്‍ നാല് മണിക്ക് തന്നെ അദ്ദേഹം ഗ്രൗണ്ടിലെത്തും. നേരത്തെയെത്തി അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തും. പിന്നാലെ പന്തെറിയും. പിന്നാലെ പരിശീലന മത്സരത്തിന് മുമ്പ് വ്യായമവും ചെയ്യും. മത്സരത്തില്‍ അദ്ദേഹം പന്തെറിയുമെന്ന് മാത്രമല്ല, 20 ഓവര്‍ ഫീല്‍ഡ് ചെയ്യുകയും ചെയും. 

കരിയറില്‍ അദ്ദേഹത്തിന് ഇനി തെളിയിക്കാന്‍ ബാക്കിയൊന്നുമില്ല. എന്നിട്ടും കാണിക്കുന്ന ഈ ആര്‍ജവത്തെ അഭിനന്ദിക്കാതെ വയ്യ. എനിക്കുറപ്പുണ്ട് അദ്ദേഹം കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നു.'' കാര്‍ത്തിക് വ്യക്തമാക്കി. രണ്ട് കോടിക്കാണ് ഹര്‍ഭജന്‍ കൊല്‍ക്കത്തയിലെത്തുന്നത്.