ഹാര്‍ദിക് പാണ്ഡ്യ, നിക്കോളസ് പുരാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ പേരുകളാണ് കാര്‍ത്തിക് പറയുന്നത്.

ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഒരുക്കത്തിലാണ് പല ടീമുകളും. പരമ്പരകളില്‍ നിരന്തരം പരീക്ഷണങ്ങളും നടത്തുന്നുണ്ട്. ഒക്‌റ്റോബര്‍ 23ന് ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ലോകകപ്പ് ആരഭിക്കുന്നത്. തൊട്ടടുത്ത ദിവസമാണ് ഇന്ത്യ- പാകിസ്ഥാന്‍ പോര്.

ഇതിനിടെ ടൂര്‍ണമെന്റില്‍ ശ്രദ്ധിക്കേണ്ട മൂന്ന് താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ താരവും കമന്റേറ്ററഖുമായ ദിനേശ് കാര്‍ത്തിക്. ഹാര്‍ദിക് പാണ്ഡ്യ, നിക്കോളസ് പുരാന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ പേരുകളാണ് കാര്‍ത്തിക് പറയുന്നത്. ''ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏത് മേഖലയിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് പാണ്ഡ്യ. ബാറ്റിംഗിലും ബൗളിംഗിലും നിര്‍ണായ പ്രകടനം പ്രതീക്ഷിക്കാം. ഒരു യുദ്ധത്തിന് ഒരുങ്ങുന്ന മനോഭാവമാണ് വേണ്ടത്. പാണ്ഡ്യക്ക് അതുണ്ട്.

മിച്ചല്‍ സ്റ്റാര്‍ക്ക് ഡെത്ത് ഓവറുകളില്‍ ഓസീസിന് മുതല്‍ക്കൂട്ടാവും. പവര്‍പ്ലേയിലും അദ്ദേഹത്തിന്റെ മാരക ബൗളിംഗ് പ്രതീക്ഷിക്കാം. പുരാന്‍ ഒരു ടി20 സ്‌പെഷ്യലിസ്റ്റാണ്. കരിയര്‍ അവസാനിക്കുമ്പോള്‍ മഹാനായ ടി20 താരമെന്ന് പേര് അയാള്‍ക്ക് വന്നുചേരും.'' കാര്‍ക്തിക് പറഞ്ഞുനിര്‍ത്തി.

നിലവില്‍ ഇംഗ്ലണ്ടിലാണ് കാര്‍ത്തിക്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം കഴിയുമ്പോള്‍ അദ്ദേഹം യുഎയിലെത്തും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പറാണ് കാര്‍ത്തിക്.