ചെന്നൈ: വിഖ്യാത ഇന്ത്യന്‍ ക്രിക്കറ്റര്‍ എം എസ് ധോണിക്കുള്ള ആദരമായി ബിസിസിഐ ഏഴാം നമ്പര്‍ ജഴ്‌സി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് പിന്‍വലിക്കണമെന്ന ആവശ്യവുമായി ദിനേശ് കാര്‍ത്തിക്. ധോണിയുടെ വിരമിക്കലിന് പിന്നാലെ ഈ ആവശ്യം ഉന്നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായ കാര്‍ത്തിക്. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് സെമിയില്‍ കിവീസിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിന് ശേഷം ഇരുവരും ചേര്‍ന്നെടുത്ത ചിത്രം സഹിതമാണ് കാര്‍ത്തിക്കിന്‍റെ ട്വീറ്റ്. 

ധോണിയുടെ രണ്ടാം ഇന്നിംഗ്‌സിന് എല്ലാ ആശംസകളും. ഇനിയും ഒട്ടേറെ അത്ഭുതങ്ങള്‍ കാട്ടാനാകും എന്ന് പ്രതീക്ഷിക്കുന്നു. ധോണിക്കുള്ള ആദരമായി ഏഴാം നമ്പര്‍ ജഴ്‌സി ബിസിസിഐ റിട്ടയര്‍ ചെയ്യുമെന്ന് ഞാന്‍ കരുതുന്നതായി വനിത ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിയും അഭിപ്രായപ്പെട്ടു. താരവും ക്യാപ്റ്റനും എന്ന നിലയില്‍ ധോണിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മറ്റാര്‍ക്കും നല്‍കരുത് എന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്‌സി മാത്രമാണ് ഇതുവരെ ബിസിസിഐ പിന്‍വലിച്ചിട്ടുള്ളത്. സച്ചിന്‍റെ വിരമിക്കലിന് ശേഷം പത്താം നമ്പര്‍ കുപ്പായം അണിഞ്ഞ പേസര്‍ ഷര്‍ദുല്‍ താക്കൂര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. താരങ്ങള്‍ക്കുള്ള ആദരമായി ജഴ്‌സികള്‍ റിട്ടയര്‍ ചെയ്യാനുള്ള അവകാശം ഓരോ ബോര്‍ഡുകള്‍ക്കും ഐസിസി നല്‍കിയിട്ടുണ്ട്. 

വിരമിച്ച് മണിക്കൂറുകള്‍ കഴിഞ്ഞില്ല; ധോണിക്ക് ഷെയ്ന്‍ വോണിന്റെ വമ്പന്‍ ഓഫര്‍

റെക്കോര്‍ഡ് ബുക്കില്‍ സച്ചിനെ പോലും നിഷ്‌പ്രഭനാക്കിയ ധോണി!