ചെന്നൈ: മൂന്ന് ഐസിസി കിരീടങ്ങളടക്കം ഒരുപിടി റെക്കോര്‍ഡുകളുമായാണ് എം എസ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് പാഡഴിച്ചിരിക്കുന്നത്. വിക്കറ്റിന് മുന്നിലും പിന്നിലും ക്യാപ്റ്റന്‍സിയിലും എല്ലാം റെക്കോര്‍ഡ് ബുക്കില്‍ ധോണിമയമുണ്ട്. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലും നിഷ്‌പ്രഭനാക്കിയ നേട്ടവും ഇക്കൂട്ടത്തില്‍പ്പെടും.

22 വാരയുടെ തട്ടില്‍ 16 വര്‍ഷം നീണ്ട കരിയറില്‍ 350 ഏകദിന മത്സരങ്ങളിലാണ് മഹി മൈതാനത്തിറങ്ങിയത്. 10,773 റണ്‍സ് അടിച്ചുക്കൂട്ടിയപ്പോള്‍ ബാറ്റിംഗ് ശരാശരി 50.57. ഏകദിന ബാറ്റിംഗ് ശരാശരിയുടെ കാര്യത്തില്‍ പത്താം സ്ഥാനത്താണ് 'തല'പ്പൊക്കം. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ പതിനായിരത്തിലേറെ റണ്‍സ് കണ്ടെത്തിയ താരങ്ങളുടെ ബാറ്റിംഗ് ശരാശരിയില്‍ രണ്ടാമതുണ്ട് ധോണി. ഇവരില്‍ വിരമിച്ച താരങ്ങളില്‍ അമ്പതിലേറെ ശരാശരി ധോണിക്ക് മാത്രമാണ് എന്നത് മറ്റൊരു വിസ്മയം.

ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല ശരാശരിക്കണക്കിലെ ധോണിപ്രഭ. പതിനായിരത്തിലേറെ റണ്‍സ് നേടിയ താരങ്ങളില്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മാത്രമാണ് അമ്പതിലേറെ ശരാശരിയുള്ളത്. കോലിയുടെ ശരാശരി 59.33. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡ് സ്വന്തമായുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 44.83 ശരാശരിയേ ഉള്ളൂ എന്നോര്‍ക്കുക. 

പതിനായിരത്തിലേറെ ഏകദിന റണ്‍സ് നേടിയ 14 താരങ്ങളില്‍ മിക്കവരും ഓപ്പണര്‍മാരോ മൂന്നും നാലും സ്ഥാനങ്ങളില്‍ ബാറ്റേന്തിയവരോ ആണ്. എന്നാല്‍ ധോണിയാവട്ടെ അഞ്ച്, ആറ് സ്ഥാനങ്ങളിലായിരുന്നു കൂടുതലും ഇറങ്ങിയിരുന്നത്. അതിനാല്‍തന്നെ എക്കാലത്തെയും മികച്ച ഏകദിന ഫിനിഷര്‍ എന്ന അലങ്കാരവുമായാണ് ധോണി മടങ്ങുന്നത്. നാളെ കണക്കുകള്‍ മാറിമറഞ്ഞാലും ധോണിയെന്ന പ്രഭാവം ക്രിക്കറ്റ് ചരിത്രത്തില്‍ വിസ്‌മയമായി തന്നെ നിലനില്‍ക്കുമെന്നുറപ്പ്.   

'ധോണിയെ കുറിച്ച് ഒരു സവിശേഷ കാര്യം അന്ന് ദാദയോട് പറഞ്ഞു'; സച്ചിന്‍റെ വെളിപ്പെടുത്തല്‍

ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരണവുമായി സാക്ഷി