ബംഗളൂരു:മഴ ഭീഷണിയില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക നിര്‍ണായക ടി20. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം മുടങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന മത്സരം മഴ തടസപ്പെടുത്തുമെന്നാണ് കാലാവസ്ഥ പ്രവചനം.

ആകാശം മേഘാവൃതമായിരിക്കും. ഇടി മിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ബംഗളൂരുവില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ മത്സരം നടക്കുമെന്നാണ് കരുതപ്പെടുന്നത്. മഴ പെയ്താല്‍ പെട്ടന്ന് ഗ്രൗണ്ട് തയ്യാറാക്കാനുള്ള സൗകര്യം ഇന്ത്യയിലെ മറ്റേത് സ്റ്റേഡിയത്തേക്കാളും ചിന്നസ്വാമിയിലുണ്ട്. അതുകൊണ്ട് വൈകിയാലും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ബാറ്റിങ് പിച്ചാണ് ചിന്നസ്വാമിയില്‍ ഒരുക്കുക. കഴിഞ്ഞ സീസണില്‍ നടന്ന ഐപിഎല്‍ മത്സരങ്ങളിലും ബാറ്റിങ് പിച്ചാണ് ഒരുക്കിയിരുന്നത്. ചെറിയ ഗ്രൗണ്ടായതിലാല്‍ വലിയ സ്‌കോര്‍ പിറക്കുമെന്നാണ് പ്രവചനം.