മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ലെജന്‍ഡ്‌സ് ടീമിനെ തിലകരത്‌നെ ദില്‍ഷന്‍ നയിക്കും. മുന്‍ താരങ്ങളായ മര്‍വന്‍ അടപ്പട്ടു, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ശ്രീലങ്ക പരമ്പരയ്‌ക്കെത്തുന്നത്. എന്നാല്‍ സൂപ്പര്‍ താരങ്ങായിരുന്ന സനത് ജയസൂര്യ, മഹേല ജയവര്‍ധനെ, കുമാര്‍ സംഗക്കാര എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടില്ല. ശ്രീലങ്കയ്ക്ക് പുറമെ ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രഹിക്ക എന്നീ ടീമുകളാണ് പരമ്പരയില്‍ പങ്കെടുക്കുക.

റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ ടീം: ദില്‍ഷന്‍ (ക്യാപ്റ്റന്‍), രമേഷ് കലുവിതരണ, മര്‍വന്‍ അട്ടപ്പട്ടു, തിലിന കഡാംബി, ചമര കപുഗേദര, ഫര്‍വീസ് മെഹറൂഫ്, ഉപുല്‍ ചന്ദന, ചാമിന്ദ വാസ്, രംഗന ഹെരാത്, അജന്ത് മെന്‍ഡിസ്, മുത്തയ്യ മുരളീധരന്‍, തിലന്‍ തുഷാര, ദുലഞ്ജന വിജസിംഗ, സചിത്ര സേനനായകെ. 

മാര്‍ച്ച് ഏഴിന് മുംബൈയില്‍ ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കം. ഇന്ത്യയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിന്‍ഡീസിനെ ബ്രയാന്‍ ലാറയുമാണ് നയിക്കുന്നത്. പതിനൊന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മാര്‍ച്ച് 22 ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഇന്ത്യന്‍ ലജന്‍ഡ്‌സില്‍ വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവരുമുണ്ടാകും.

ശിവ്നരൈന്‍ ചന്ദര്‍പോള്‍, ബ്രെറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, ജോണ്ടി റോഡ്സ് തുടങ്ങിയ താരങ്ങളും മത്സരത്തിനെത്തും. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണര്‍ സുനില്‍ ഗാവസ്‌കറാണ്. കഴിഞ്ഞയാഴ്ച സച്ചിനും ലാറയും ഓസ്‌ട്രേലിയയിലെ ചാരിറ്റി മത്സരത്തില്‍ ഒരുമിച്ച് കളിച്ചിരുന്നു.