ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഐപിഎൽ ചരിത്രത്തിൽ ഇരുടീമുകളും ഇതുവരെ 9 തവണയാണ് ഏറ്റുമുട്ടിയത്.

അഹമ്മദാബാദ്: ഐപിഎല്ലിൽ പ്ലേ ഓഫിലെത്താൻ നേരിയ പ്രതീക്ഷകളെങ്കിലും നിലനിർത്താൻ ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസാണ് ചെന്നൈയുടെ എതിരാളികൾ. രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക.

Add Asianetnews as a Preferred SourcegooglePreferred

തോറ്റാൽ പുറത്തേക്ക്; ചെന്നൈ ക്യാമ്പിൽ ആശങ്ക

കഴിഞ്ഞ മത്സരത്തിൽ ചെപ്പോക്കിൽ വെച്ച് സൺറൈസേഴ്സ് ഹൈദരാബാദിനോട് ഏറ്റ പരാജയമാണ് ചെന്നൈയെ പ്രതിരോധത്തിലാക്കിയത്. നിലവിൽ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള സി.എസ്.കെയ്ക്ക് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്ന് വിജയം അനിവാര്യമാണ്. ഇന്ന് തേറ്റാല്‍, ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്താകും.

കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞത് ടീമിന്‍റെ നിലവിലെ ആത്മവിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത്. പ്രമുഖ താരങ്ങളുടെ പരിക്കും ലേലത്തിലെ പാളിച്ചകളും ഈ സീസണിൽ ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായി. ഇന്ന് വലിയ മാർജിനിൽ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ കൂടി അനുകൂലമായാൽ മാത്രമേ ചെന്നൈയ്ക്ക് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ കടക്കാനാകൂ.

മറുഭാഗത്ത്, ഇതിനകം തന്നെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയ ശുഭ്മാൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസ് സ്വപ്നതുല്യമായ ഫോമിലാണ്. കഴിഞ്ഞ അഞ്ച് സീസണുകളിൽ നാല് തവണയും പ്ലേ ഓഫിലെത്തിയ ഗുജറാത്ത്, ചെന്നൈയുടെ പഴയ സുവർണ്ണകാലത്തെ അനുസ്മരിപ്പിക്കുന്ന സ്ഥിരതയാണ് കളിക്കളത്തിൽ കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്തി ക്വാളിഫയർ റൗണ്ട് ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യം. നായകൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും 500-ലധികം റൺസ് വീതം നേടി ബാറ്റിങ്ങിൽ മികച്ച ഫോമിലാണ്. ബൗളിംഗിലും ഗുജറാത്ത് ഏറെ മുന്നിലാണ്; ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ആദ്യ പത്തിൽ അവരുടെ മൂന്ന് ബൗളർമാരുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും ഒരേപോലെ ഫോമിലുള്ള ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തുക ചെന്നൈയ്ക്ക് എളുപ്പമാകില്ല.

അഹമ്മദാബാദിലെ പിച്ച് പൊതുവെ പേസ് ബൗളർമാരെ തുണയ്ക്കുന്നതാണ്. വേഗതയിൽ വ്യത്യാസം വരുത്തി എറിയുന്ന ബൗളർമാർക്ക് ഇവിടെ കൂടുതൽ വിക്കറ്റുകൾ ലഭിക്കാറുണ്ട്. ഈ വേദിയിൽ നടന്ന കഴിഞ്ഞ 6 മത്സരങ്ങളിൽ 4 എണ്ണത്തിലും വിജയം ഗുജറാത്തിനൊപ്പമായിരുന്നു (രണ്ട് തവണ റൺസ് പിന്തുടർന്നും രണ്ട് തവണ സ്കോർ പ്രതിരോധിച്ചും). ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഐപിഎൽ ചരിത്രത്തിൽ ഇരുടീമുകളും ഇതുവരെ 9 തവണയാണ് ഏറ്റുമുട്ടിയത്. ഇതിൽ 5 മത്സരങ്ങളിൽ ഗുജറാത്ത് വിജയിച്ചപ്പോൾ 4 എണ്ണത്തിൽ ചെന്നൈയ്ക്കായിരുന്നു വിജയം. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഇരുടീമുകളും രണ്ട് മത്സരങ്ങൾ വീതം വിജയിച്ച് തുല്യത പാലിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക