ആളുകളെ മണ്ടന്‍മാരാക്കരുത്; ലോകകപ്പിലെ ഡിആര്‍എസ് അബദ്ധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍
ഇത്തരം തീരുമാനങ്ങളില്‍ കുടുതല്‍ സുതാര്യത ആവശ്യമാണെന്നും ഒന്നുകില്‍ അമ്പയറുടെ തീരുമാനമമോ അല്ലെങ്കില്‍ ടെക്നോളജിയോ ഏതെങ്കിലും ഒന്നേ ആശ്രയിക്കാവൂ എന്നും ഹര്‍ഭജന്‍ പറഞ്ഞു.

ചെന്നൈ: ലോകകപ്പിലെ ഡിആര്‍എസ് അബദ്ധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ലോകകപ്പില്‍ വെള്ളിയാഴ്ച നടന്ന പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ദസ്സന്‍ ഡിആര്‍എസിലെ പിഴവുകൊണ്ട് ഔട്ടാവുകയും എന്നാല്‍ ടബ്രൈസ് ഷംസി സമാനമായ തീരുമാനത്തില്‍ അമ്പയേഴ്സ് കോളിന്‍റെ ആനുകൂല്യത്തില്‍ പുറത്താവാതിരിക്കുകയും ചെയ്തതാണ് ഹര്‍ഭജനെ ചൊടിപ്പിച്ചത്.
ഇത്തരം തീരുമാനങ്ങളില്‍ കുടുതല്‍ സുതാര്യത ആവശ്യമാണെന്നും ഒന്നുകില്‍ അമ്പയറുടെ തീരുമാനമമോ അല്ലെങ്കില്‍ ടെക്നോളജിയോ ഏതെങ്കിലും ഒന്നേ ആശ്രയിക്കാവൂ എന്നും ഹര്‍ഭജന്‍ പറഞ്ഞു. ക്രിക്കറ്റിനെ ഭ്രാന്തമായി സ്നേഹിക്കുന്ന ആരാധകരെ മണ്ടന്‍മാരാക്കാന്‍ ഐസിസി ശ്രമിക്കരുത്. ഒന്നുകില്‍ ടെക്നോളജി, അല്ലെങ്കില്‍ മനുഷ്യന്‍, ഇതിലേതെങ്കിലും ഒന്ന് തെരഞ്ഞെടുത്തേ മതിയാകു. ടെക്നോളജിയുടെ സഹായം തേടുമ്പോള്‍ അമ്പയറുടെ തീരമാനവും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരിഗണിക്കുന്നത് കാണികളെ മണ്ടന്‍മാരാക്കുന്നതിന് തുല്യമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.
പാകിസ്ഥാനെതിരെ ഒരു വിക്കറ്റ് വിജയം നേടാനായത് ഭാഗ്യം കൊണ്ടാണെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ മത്സരശേഷം പറഞ്ഞിരുന്നു. പാകിസ്ഥാനെതിരായ ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് വിജയമാണ് നേടിയത്. ഇതോടെ പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു.
മത്സരത്തിന്‍റെ അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ നാലു റണ്‍സ് വേണ്ടപ്പോള്‍ അവസാന ബാറ്ററായ ടബ്രൈസ് ഷംസി ഹാരിസ് റൗഫിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. പാകിസ്ഥാന്‍ അമ്പയറുടെ തീരുമാനം റിവ്യു ചെയ്തപ്പോള്‍ പന്ത് ലെഗ് സ്റ്റംപില്‍ തട്ടുമെന്ന് വ്യക്തമായെങ്കിലും അമ്പയറുടെ തീരുമാനം അനുസരിച്ച് നോട്ടൗട്ട് വിധിച്ചു. അടുത്ത ഓവറില്‍ മുഹമ്മദ് നവാസിനെ ബൗണ്ടറി കടത്തി കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കക്ക് വിജയം സമ്മാനിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക