തന്റെ പ്രാദേശിക ഭാഷയില്‍ ആശയവിനിമയം നടത്തിയ ഹസന്‍ അലി ട്രോള്‍ ചെയ്യപ്പെട്ടു. ഒരുപടി കടന്ന് താരങ്ങള്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിദ്യാഭ്യാസം നല്‍കണമെന്ന് വരെ പ്രതികരണങ്ങള്‍ ഉണ്ടായി. 

ലഹോര്‍: ട്രോളുകള്‍ ഏറ്റുവാങ്ങിയ സഹതാരത്തിനായി തോളോട് തോള്‍ ചേര്‍ന്ന് പ്രതിരോധം തീര്‍ത്ത പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷദാബ് ഖാനെ പ്രശംസിച്ച് കായിക ലോകം. പരിമിത ഓവര്‍ ക്രിക്കറ്റിലെ പാകിസ്ഥാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഷദാബ് ഖാന്‍. കഴിഞ്ഞ ദിവസം 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ ഷദാബ് ഖാന്‍ പങ്കുവെച്ച ചിത്രങ്ങളിലാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് മോഡലിംഗ് കഴിവുകള്‍ മെച്ചപ്പെട്ടോ? സഹപ്രവര്‍ത്തകരില്‍ നിന്ന് പഠിക്കുകയാണെന്നാണ് ഷദാബ് ഖാന്‍ കുറിച്ചത്. വൈറലായ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി സഹതാരം ഹസന്‍ അലിയും എത്തി. 

അല്‍പ്പം തമാശ കലര്‍ത്തി ഷദാബിനെ തന്റെ പ്രാദേശിക ഭാഷയില്‍ പ്രശംസിച്ച് കൊണ്ടായിരുന്നു ഹസന്‍ അലിയുടെ മറുപടി. 'നിനക്ക് വേണ്ടി ഞാന്‍ ബലിയാടാകട്ടെ, നമുക്ക് മുന്നോട്ട് പോകാം സുഹൃത്തേ. ദൈവകൃപയാല്‍ ദുഷിച്ച കണ്ണ് നിന്നില്‍ നിന്ന് അകന്നുപോകട്ടെ' എന്നായിരുന്നു ഹസന്‍ അലിയുടെ കമന്റ്. എന്നാല്‍, ഈ കമന്റ് പ്രതീക്ഷിക്കാത്ത തരത്തിലാണ് ചര്‍ച്ചകളില്‍ നിറഞ്ഞത്. തന്റെ പ്രാദേശിക ഭാഷയില്‍ ആശയവിനിമയം നടത്തിയ ഹസന്‍ അലി ട്രോള്‍ ചെയ്യപ്പെട്ടു. ഒരുപടി കടന്ന് താരങ്ങള്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിദ്യാഭ്യാസം നല്‍കണമെന്ന് വരെ പ്രതികരണങ്ങള്‍ ഉണ്ടായി. 

രാജ്യാന്തര താരമായ ഒരാള്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പിസിബി താരങ്ങള്‍ക്ക് ക്ലാസ് നല്‍കണമെന്നും ചില കമന്റുകള്‍ വന്നു. തന്റെ സുഹൃത്ത് ട്രോള്‍ ചെയ്യപ്പെട്ടതോടെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഷദാബ് ഖാന്‍ രംഗത്ത് എത്തുകയായിരുന്നു. ആഗോള കായിക ഐക്കണ്‍ ആയ ലിയോണല്‍ മെസിയെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു ഷദാബിന്റെ മറുപടി. 

സീനിയര്‍ താരത്തിന് പരിക്ക്! ഏഷ്യാകപ്പ് തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാവും; സഞ്ജുവിന് സാധ്യതകള്‍ തുറക്കുമോ?

മെസി ഇംഗ്ലീഷ് വളരെ നന്നായി സംസാരിക്കില്ല. വിദേശ താരങ്ങള്‍ക്ക് ഇംഗ്ലീഷില്‍ സ്വതന്ത്രമായി സംസാരിക്കാം. എന്നാല്‍ നമ്മുടെ സ്വാഭാവികത എന്തിന് നാം നഷ്ടപ്പെടുത്തണം. എന്റെ സംസ്‌കാരത്തെയോ നര്‍മ്മത്തെയോ ഉള്‍ക്കൊള്ളുന്നതില്‍ ലജ്ജയില്ലെന്നും ഷദാബ് ഖാന്‍ കുറിച്ചു. വലിയ പിന്തുണയാണ് ഷദാബ് ഖാന് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.