രാഹുലിന്‍റെ സ്ഥാനത്ത് നിങ്ങളാണെങ്കില്‍ എന്താണ് ചെയ്യുക. അദ്ദേഹം മന:പൂര്‍വം റണ്‍സടിക്കാത്തതാണെന്നാണോ നിങ്ങള്‍ കരുതുന്നത്. അയാള്‍ അസാമാന്യ മികവുള്ള കളിക്കാരനാണ്. അതുകൊണ്ടുതന്നെ അയാള്‍ കരുത്തോടെ തിരിച്ചുവരും.
ചണ്ഡീഗഡ്: ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ മോശം ഫോമിനെച്ചൊല്ലി മുന്‍ താരങ്ങള്‍ തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക് പോര് തുടരുന്നു. രാഹുലിന്‍റെ മോശം പ്രകടനങ്ങളെ കണക്കുകള്‍ നിരത്തി വിമര്‍ശിച്ച വെങ്കിടേഷ് പ്രസാദിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. രാഹുലും മനുഷ്യനാണെന്ന് മനസിലാക്കണമെന്നും വിമര്‍ശനങ്ങള്‍ പരിധി വിടരുതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഒരു കളിക്കാരന്‍റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല, പക്ഷെ അയാള്‍ മോശം ഫോമിലായിരിക്കുമ്പോള്‍ അയാളെ കീറിമുറിക്കുന്ന പ്രവണത ശരിയല്ലെന്ന് ഹര്‍ഭജന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. ഏതെങ്കിലും കളിക്കാരന്‍ മോശം പ്രകടനം നടത്തിയാല്‍ അതില്‍ ആദ്യം അപമാനം തോന്നുക അയാള്‍ക്ക് തന്നെയും പിന്നെ അയാളുടെ കുടുംബത്തിനുമാണ്. നമ്മുടെയെല്ലാം പ്രിയപ്പെട്ട താരങ്ങളാണ് ഇവരെല്ലാം. അതുകൊണ്ട് തന്നെ അവര്‍ മോശം പ്രകടനം നടത്തുമ്പോള്‍ ദേഷ്യം വരിക സ്വാഭാവികമാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ പരിധി വിടരുത്. അത് കളിക്കാരന്‍റെ മാനസികാവസ്ഥയെ വരെ ബാധിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
രാഹുലിന്‍റെ സ്ഥാനത്ത് നിങ്ങളാണെങ്കില്‍ എന്താണ് ചെയ്യുക. അദ്ദേഹം മന:പൂര്‍വം റണ്‍സടിക്കാത്തതാണെന്നാണോ നിങ്ങള്‍ കരുതുന്നത്. അയാള്‍ അസാമാന്യ മികവുള്ള കളിക്കാരനാണ്. അതുകൊണ്ടുതന്നെ അയാള്‍ കരുത്തോടെ തിരിച്ചുവരും. ഞങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായം പറയുന്നവരാണ്. അതില്‍ തെറ്റില്ല, പക്ഷെ അതില്‍ തന്നെ കടിച്ചു തൂങ്ങി നില്‍ക്കരുത്. പരിധി വിടുകയുമരുത്. കാരണം രാഹുലും മനുഷ്യനാണ്. അയാളും ഓരോ തവണയും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഗ്രൗണ്ടിലിറങ്ങുന്നത്. വിമര്‍ശിക്കുന്നവര്‍ കളിക്കാരുടെ കാഴ്ച്ചപ്പാടില്‍ കൂടി നോക്കി കാണാന്‍ ശ്രമിക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
മോശം ഫോമിലാണെങ്കിലും ഈ സമയത്ത് രാഹുലിനെ പിന്തുണക്കുകയാണ് വേണ്ടത്. രാഹുലിന്‍റെ അതേ അവസ്ഥയിലൂടെ മഹാന്‍മാരായ താരങ്ങള്‍ പോലും കടന്നു പോയിട്ടുണ്ട്. ഗവാസ്കറുടെ കാലം മുതലെടുത്താല്‍ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകാത്ത ഒരു കളിക്കാരനെയെങ്കിലും നിങ്ങള്‍ക്ക് കാണിച്ചു തരാനാകുമോ. അത് ബാറ്ററായാലും ബൗളറായാലും അങ്ങനെ തന്നെയാണ്. അതുകൊണ്ട് മോശം സമയങ്ങളില്‍ കളിക്കാരെ വിമര്‍ശിക്കുന്നതിന് പകരം പിന്തുണക്കാനാണ് ശ്രമിക്കേണ്ടതെന്നും ഹര്‍ഭജന്‍ പറഞ്ഞു. രാഹുലിനെ വിമര്‍ശിച്ച വെങ്കിടേഷ് പ്രസാദിനെതിരെ ട്വിറ്ററില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും ഇന്നലെ രംഗത്തുവന്നിരുന്നു.
