ബൗളർ എന്താണ് എന്നോട് പറഞ്ഞതെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ ദയവായി അതിൽ വിധി പറയാൻ വരരുത്. അതിരുകടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം പേസർ അസിത ഫെർണാണ്ടോയുമായി ഗ്രൗണ്ടിൽവെച്ച് കൊമ്പുകോര്‍ത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. താൻ ചെയ്തതിൽ തെറ്റൊന്നുമില്ലെന്നും അതിരുകടക്കുന്നവർക്ക് കൃത്യമായ മറുപടി നൽകേണ്ടതുണ്ടെന്നും ജയ്സ്വാള്‍ വ്യക്തമാക്കി.
മത്സരത്തിൽ 45 റൺസെടുത്ത് നിൽക്കെയാണ് ഫെർണാണ്ടോയുടെ പന്തിൽ ജയ്സ്വാൾ പുറത്താകുന്നത്. വിക്കറ്റ് നേടിയ ശേഷം ഫെർണാണ്ടോ നടത്തിയ പ്രകോപനപരമായ ആഘോഷത്തിൽ ദേഷ്യം വന്ന ജയ്സ്വാൾ പവലിയനിലേക്ക് നടക്കുന്നത് നിർത്തി തിരികെ ബൗളർക്ക് നേരെ വരികയും തലകൊണ്ടിടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയും മറ്റ് താരങ്ങളും ഇടപെട്ടാണ് ഇരുവരെയും മാറ്റിയത്. ഇതിന് പിന്നാലെ കളിക്കളത്തിലെ ദേഷ്യം നിയന്ത്രിക്കാൻ ജയ്സ്വാൾ പഠിക്കേണ്ടതുണ്ടെന്ന് കമന്‍റേറ്ററായ ഹർഷ ഭോഗ്‌ലെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്ന്‍റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജയ്സ്വാൾ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രതികരിച്ചത്. ബൗളർ എന്താണ് എന്നോട് പറഞ്ഞതെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ ദയവായി അതിൽ വിധി പറയാൻ വരരുത്. അതിരുകടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്; ഇത് പുതിയ ഇന്ത്യയാണ്, ശക്തമായി പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യും- ജയ്സ്വാൾ കുറിച്ചു.
പരിശീലകരുടെയും ബോർഡിന്‍റെയും നിലപാട്
സംഭവത്തിന് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് ജയ്സ്വാളിനെ ഭാഗികമായി ന്യായീകരിച്ചിരുന്നു. ബൗളർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാമെന്നും കളിയുടെ ആവേശത്തിൽ സംഭവിച്ചതാണെങ്കിലും ജയ്സ്വാൾ ബൗളറുടെ അത്രയും അടുത്ത് പോയി പ്രതികരിക്കേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ മാച്ച് റഫറിയുടെ ഇടപെടലും ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് ശ്രീലങ്കൻ പേസ് ബോളിംഗ് കോച്ച് റയാൻ വാൻ നീകെർക് വ്യക്താക്കി.
